

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‍യുടെ അവസാന ചിത്രമായ 'ജനനായകൻ' നിശ്ചയിച്ച തീയതിയിൽ റിലീസ് ചെയ്യുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നിർമ്മാതാക്കൾ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി പറയുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി. ഇതോടെ സിനിമയുടെ റിലീസ് തീയതിയിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിലുണ്ടെന്നും അതിനാൽ വിദഗ്ധ സമിതി ചിത്രം വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. ചിത്രം വീണ്ടും പരിശോധിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ബോർഡ് കോടതിയിൽ വ്യക്തമാക്കി.
സെൻസർ ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകുന്നില്ലെന്ന് നിർമ്മാതാക്കൾ ആരോപിച്ചു.ജനുവരി ഒമ്പതിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വിധി വരുന്നത് ഒമ്പതിലേക്ക് മാറിയ സാഹചര്യത്തിൽ, റിലീസ് പത്താം തീയതിയിലേക്ക് മാറ്റുന്നതിൽ എതിർപ്പുണ്ടോ എന്ന് കോടതി നിർമ്മാതാക്കളോട് ചോദിച്ചു.
ഏകദേശം 500 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ചിത്രം ലോകമെമ്പാടുമുള്ള 5000 തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മിക്ക തിയേറ്ററുകളിലും മുൻകൂർ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അവസാന ചിത്രമായതിനാൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ജനനായകൻ സൃഷ്ടിച്ചിരിക്കുന്നത്. റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് നിർമ്മാതാക്കൾ.