കൃത്യമായ ചികിത്സയിലൂടെ കുഷ്ഠ രോഗം പൂർണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു വർഷത്തെ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാവുന്നതാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗ പകർച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്. 2024-25 കാലയളവിൽ 368 ആളുകളിൽ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 521 രോഗികൾ ചികിത്സയിലുണ്ട്. സമൂഹത്തിൽ ആരിലെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്‌കൂളിൽ വച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി. (Veena George)
സാധാരണയായി തൊലിപ്പുറമേയുള്ള നിറവ്യത്യാസങ്ങളാണ് ആദ്യമായി കാണുന്നത്. ചുണങ്ങുപോലെ നിറം മങ്ങിയതോ ചുവന്നതോ ചെമ്പ് നിറത്തിലുള്ളതോ ആയ സ്പർശനക്ഷമത കുറഞ്ഞ പാടുകൾ കുഷ്ഠരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. ചൂട് തണുപ്പ് വേദന എന്നിവയ്ക്കുള്ള സംവേദനക്ഷമതയും നഷ്ടപ്പെടും. കുഷ്ഠരോഗം ബാഹ്യ നാഡികളെ ബാധിക്കുമ്പോൾ നാഡികൾക്ക് തടിപ്പ്, കൈകാൽ തരിപ്പ്, ബലക്കുറവ്, വേദന ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയും ഉണ്ടാകാം. ബാഹ്യകർണത്തിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിപ്പുകൾ പ്രത്യക്ഷപ്പെടാം.
കേരളത്തിലെ ആരോഗ്യ സൂചികകൾ ഏറ്റവും മികച്ചതാണ്. ഏറ്റവും അധികം ആയുർദൈർഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കുറവ് മാതൃ ശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് അമേരിക്കയേക്കാൾ കുറവാണ്. കേരളത്തിലെ ആരോഗ്യ, സാമൂഹിക സംവിധാനങ്ങൾ ഏറ്റവും മികച്ചതായതാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. ഡോക്ടർ രോഗി അനുപാതം ഏറ്റവും മികച്ചതും കേരളത്തിലാണ്. നമ്മൾ എത്ര നാൾ ജീവിച്ചാലും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയണം. സംസ്ഥാനത്ത് സ്‌കൂൾ ഹെൽത്ത് പരിപാടി ഉടൻ നടപ്പിലാക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ശാരീരികവും മാനസികവുമായ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത കെ.പി., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ. മണികണ്ഠൻ ജെ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനോജ്, കോട്ടൺഹിൽ സ്‌കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ വി, ഹെഡ്മിസ്ട്രസ് ഗീത ജീ, എസ്എംസി ചെയർമാൻ ബ്രിജിത്ത്‌ലാൽ തുടങ്ങിയവർ പങ്കെടുത്തു.