

തിരുവനന്തപുരം: സംഘടനവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക ക്രമക്കേടുകളും പതിവായ പശ്ചാത്തലത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റാണ് യൂണിറ്റ് കമ്മിറ്റി റദ്ദാക്കാൻ തീരുമാനിച്ചത്. പകരമായി സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടന്നതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു.യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത താമസത്തെച്ചൊല്ലി എസ്എഫ്‌ഐ നേതാക്കൾക്കിടയിൽ രൂക്ഷമായ തർക്കവും ഏറ്റുമുട്ടലും നടന്നിരുന്നു.
ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ സസ്‌പെൻഷനിലായ നേതാക്കൾക്ക്, ജാമ്യം കിട്ടി മടങ്ങിവന്നപ്പോൾ യൂണിറ്റ് അംഗങ്ങൾ സ്വീകരണം നൽകിയത് പാർട്ടി നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
പരാതികൾ വർധിച്ചതോടെ സംഘടനയുടെ അന്തസ്സ് നിലനിർത്താൻ കടുത്ത നടപടി വേണമെന്ന തീരുമാനത്തിലാണ് ജില്ലാ കമ്മിറ്റി എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര അന്വേഷണങ്ങൾ കോളേജിൽ നടക്കും.