

തിരുവനന്തപുരം, ജനുവരി 7, 2026: കഴിഞ്ഞ 3 വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവിച്ച 63 കാരിയായ മാലിദ്വീപ് സ്വദേശിയിൽ വിദഗ്ദ്ധ എൻഡോസ്കോപ്പിക് ചികിത്സ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ സെൻകേഴ്സ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (Z-POEM) ചികിത്സാരീതിയിലൂടെയാണ് സങ്കീർണ്ണ രോഗാവസ്ഥയായ സെൻകേഴ്സ് ഡൈവർട്ടിക്കുലം ഭേദമാക്കിയത്. 0.01% മുതൽ 0.11% വരെ ആളുകളിൽ മാത്രം കാണപ്പെടുന്ന ഈ രോഗം സാധാരണയായി 60-80 പ്രായക്കാരെയാണ് ബാധിക്കുന്നത്. അന്നനാളത്തിന്റെ മുകൾഭാഗത്ത് ഒരു ചെറിയ തടിപ്പ് പോലെ രൂപപ്പെടുകയും അതിന്റെ ഫലമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും, കൂടാതെ ഈ തടിപ്പ് രൂപപ്പെട്ട ഭാഗത്ത് ഭക്ഷണം കെട്ടിക്കിടക്കുകയും ചെയ്യുന്ന ഒരു അപൂർവ രോഗാവസ്ഥയാണ് സെൻകേഴ്സ് ഡൈവർട്ടിക്കുലം. (KIMS Health)
ഭക്ഷണം കഴിച്ചിറക്കാനുള്ള കലശലായ ബുദ്ധിമുട്ടും തികട്ടലും, ന്യുമോണിയ എന്നിവ നേരിട്ടതിനെത്തുടർന്നാണ് രോഗി കിംസ്ഹെൽത്തിൽ എത്തുന്നത്. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് സെൻകേഴ്സ് ഡൈവർട്ടിക്കുലം എന്ന അപൂർവ രോഗാവസ്ഥ സ്ഥിതീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മിനിമലി ഇൻവേസീവ് പ്രൊസീജിയറായ സെൻകേഴ്സ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (Z-POEM) തിരഞ്ഞെടുക്കുകയായിരുന്നു.
അന്നനാളത്തിന്റെ ഉൾഭാഗത്ത് ചെറിയൊരു ദ്വാരമുണ്ടാക്കി അന്നനാളത്തിനും തടിപ്പ് രൂപപ്പെട്ട ഭാഗത്തിനുമിടയിൽ മുറുകിയ പേശികളെ എൻഡോസ്കോപ്പിക് നൈഫ് ഉപയോഗിച്ച് അയച്ചുവിടുകയും, ഭക്ഷണം എളുപ്പമായി വിഴുങ്ങാനുള്ള പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്തു. രണ്ട് മണിക്കൂർ നീണ്ടുനിന്ന പ്രക്രിയക്ക് ശേഷം രോഗിക്ക് ഉടനടി ആശ്വാസം ലഭിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇവർ ആശുപത്രി വിട്ടു.
സെൻകേഴ്സ് ഡൈവർട്ടിക്കുലം രോഗത്തിന് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാ മാർഗമാണ് സെൻകേഴ്സ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (Z-POEM). ഇത് സെപ്റ്റത്തിന്റെ പൂർണ്ണമായ വിഭജനം സാധ്യമാക്കുകയും വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കുകയും ചെയ്യുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലും ഈ ചികിത്സാ രീതി ഒരുപോലെ ഫലപ്രദമാണെന്ന് ഡോ. മധു ശശിധരൻ പറഞ്ഞു.
ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അജിത് കെ നായർ, ഡോ. ഹരീഷ് കരീം, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സിംന എൽ, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. അരുൺ പി, ഡോ. ദേവിക മധു, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ഹാഷിർ എ, ഡോ. ഗോപൻ ജി എന്നിവരും ചികിത്സയുടെ ഭാഗമായി.