കോഴിക്കോട്: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെ ശാരീരിക അസ്വസ്ഥതകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Four members of a family get food poisoning after eating spinach stored in the fridge)
നാലുപേരുടെയും ആരോഗ്യനില പരിഗണിച്ച് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിച്ച ചീരയാണ് ഇവർ പാചകം ചെയ്ത് കഴിച്ചത്. ഭക്ഷണത്തിന് പിന്നാലെ ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

