Times Kerala

 ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ; രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

 
pinarayi
 

ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ബിൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന പ്രത്യേക ബിൽ അന്തിമഘട്ടത്തിലാണ്. രാജ്യത്ത് ആദ്യമായിരിക്കും ഇത്തരമൊരു ബിൽ ഒരു സംസ്ഥാനത്ത് നിലവിൽ വരുന്നത്. കൂടുതലും സ്ത്രീ പങ്കാളിത്തമുള്ള സംസ്ഥാനത്തെ  ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായുള്ള മറ്റ് പദ്ധതികൾക്കും ആനുകൂല്യങ്ങളും പുറമെയാണിത്,’ മുഖ്യമന്ത്രി പറഞ്ഞു.

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ജാതിമതവർഗലിംഗഭേദങ്ങൾക്കും സാമൂഹിക പശ്ചാത്തലങ്ങൾക്കും അതീതമായി എല്ലാ വിഭാഗം തൊഴിലാളികളോടും കരുതലിലൂന്നിയ വികസനസമീപനമാണ് കേരളത്തിന്റേത്. 2025 ഓടെ അതിദാരിദ്ര്യം കേരളത്തിലില്ലാതാക്കുമെന്നും അടുത്ത 20-25 വർഷങ്ങൾക്കുള്ളിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് വികസിത- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടേതിന് സമാനമായ വളർച്ച കേരളം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകൾ നടത്തിവരുന്ന നൈപുണ്യവികസന പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കും. പലപ്പോഴും ഒരേ രൂപത്തിലുള്ള പദ്ധതികൾ പല വകുപ്പുകൾ ഏറ്റെടുത്തു നടത്തുന്നത് ഇരട്ടിപ്പിന് കാരണമാകുന്നു. അതിനാൽ  നൈപുണ്യവികസനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും ഏകോപനവും, അവലോകനവുമടക്കം  എല്ലാ പ്രവർത്തനങ്ങളും സംസ്ഥാനതലത്തിലുള്ള ഒരു മിഷന്റെ കീഴിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കേരളത്തെ നവ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും സാങ്കേതിക സൗഹൃദ സമൂഹവും ആക്കുക എന്നത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് വിദ്യാർഥികൾക്ക്  അവസരമൊരുക്കുന്ന തൊഴിവൽവകുപ്പിന്റെ  കർമ്മചാരി പദ്ധതി ഇത്തരത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ഏറ്റവും പുതിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകവ്യാപകമായി  എല്ലാ തൊഴിൽമേഖലകളും  നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും  തൊഴിലാളി ക്ഷേമത്തിനു പ്രധാന്യം നൽകുന്ന നിയമനിർമാണങ്ങളിലുടെയും നയങ്ങളിലൂടെയും തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് പ്രഥമസ്ഥാനം നൽകുന്ന കേരളം ഇത്തരം പ്രശ്‌നങ്ങളെ നേരത്തേ തന്നെ മനസിലാക്കുന്നതിനും അതിനുള്ള പരിഹാരസാധ്യത തേടുന്നതിനും  പ്രതിജ്ഞാബദ്ധമാണെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പുതിയ കാലം തൊഴിൽ രംഗത്തുണ്ടാക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അതിജീവിക്കാനും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവസരം നൽകുന്ന തരത്തിൽ  ഫലപ്രദമായ ഇടപെടലും ആശയങ്ങളും നിർദ്ദേശങ്ങളുമാണ് കോൺക്ലേവിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അവ സർക്കാർ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി.

 കോൺക്ലേവിനോട് അനുബന്ധിച്ച് തയാറാക്കിയ ‘തൊഴിൽക്ഷേമ രംഗം’ പ്രത്യേക പതിപ്പിന്റെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യപ്രതി തൊഴിൽമന്ത്രി ഏറ്റുവാങ്ങി.
മൂന്ന് ദിവസം നടക്കുന്ന കോൺക്ലേവിൽ  രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള തൊഴിലാളി, തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഭരണ- വിജ്ഞാന രംഗത്തെ പ്രമുഖർ, നിയമജ്ഞർ, അന്താരാഷ്ട്ര തൊഴിൽ സംഘടനാ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിനകത്തെയും ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ,  ദേശീയ അന്തർദേശീയ സർവകലാശാലകളിലെ വിദഗ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 ഓളം പേർ പ്രതിനിധികളായി  പങ്കെടുക്കുന്നുണ്ട്. കോൺക്ലേവിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാർഹിക തൊഴിലാളികൾ, സ്‌കീം വർക്കേഴ്സ്, കെയർ വർക്കേഴ്സ് എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ് പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം , ലേബർ സ്ഥിതിവിവരങ്ങൾ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി  ചർച്ച ചെയ്യുക. കോൺക്ലേവ് മെയ് 26ന് സമാപിക്കും.

ഹയാത്ത് റീജൻസിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊറിയൻ വിദ്യാഭ്യാസ മന്ത്രി ഡോ. ലീ ജു ഹോ ഓൺലൈനായി പങ്കെടുത്തു. തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം,  എളമരം കരീം എം.പി, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി,

ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി.കെ രാമചന്ദ്രൻ, പ്ലാനിംഗ് ആന്റ് ഇക്കണോമിക്‌സ് അഫയേഴ്‌സ് അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാർ,  ലേബർ കമ്മീഷണർ കെ വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണ മാധവൻ എന്നിവരും സംബന്ധിച്ചു.

Related Topics

Share this story