തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗത്തിൽ മൈക്ര എ.വി ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ നടത്തിയ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. അഞ്ചൽ സ്വദേശിയായ 74 വയസുള്ള രോഗിയിലാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. മികച്ച ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. (Thiruvananthapuram Medical College)
മൈക്ര ലീഡ്ലെസ് പേസ്മേക്കർ എന്നത് ഹൃദയത്തിലേക്ക് നേരിട്ട് സ്ഥാപിക്കുന്ന വിപ്ലവകരമായ ഒരു ഉപകരണമാണ്. ഇത് പേസ്മേക്കർ ലീഡുകളുടെ ആവശ്യകത ഒഴിവാക്കുകയും സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ നൂതന സാങ്കേതികവിദ്യ രോഗികളുടെ മികച്ച ഫലങ്ങളും ജീവിത നിലവാരവും ഉറപ്പാക്കുന്നു. ഈ ചികിത്സ വഴി ഹൃദയമിടിപ്പ് കുറയാതെ ഇരിക്കുന്നതിനും ഹൃദയത്തിന്റെ താളം തെറ്റൽ ക്രമീകരിക്കുന്നതിനും സാധിക്കുന്നു. സങ്കീർണതകൾ കുറയ്ക്കൽ, കുറഞ്ഞ മുറിപ്പാടുകൾ, രോഗിയുടെ മെച്ചപ്പെട്ട ശാരീരികാവസ്ഥ വീണ്ടെടുക്കൽ എന്നിവയുടെ സഹായത്തിന് ഉതകുന്നതാണ് ഈ അത്യാധുനിക ചികിത്സാ രീതി.
മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. മാത്യു ഐപ്പ്, പ്രൊഫ. സിബു മാത്യു, പ്രൊഫ. കൃഷ്ണകുമാർ ബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊസീജിയർ നടത്തിയത്. പേസ്മേക്കർ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. അരുൺ ഗോപിയുടെ മാർഗനിർദേശത്തിലും വിദഗ്ധ കാർഡിയോളജിസ്റ്റുകളായ പ്രൊഫ. സുരേഷ് മാധവൻ, പ്രൊഫ. പ്രവീൺ വേലപ്പൻ, ഡോ. ലയസ് മുഹമ്മദ്, നഴ്സിംഗ് ഓഫീസർമാരായ രാജലക്ഷ്മി, സൂസൻ, ജാൻസി, ടെക്നിഷ്യൻമാരായ പ്രജീഷ്, കിഷോർ, അസിംഷ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂർത്തിയാക്കിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, സൂപ്രണ്ട് ഡോ. ജയചന്ദ്രൻ എന്നിവർ ഏകോപിച്ചു.