കൊച്ചി: എറണാകുളം കോതമംഗലം കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയെയാണ് പോലീസ് സംശയിക്കുന്നത്. ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.(6-month-old baby found murdered with throat slit in Angamaly)
കുഞ്ഞിന്റെ അമ്മൂമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്മൂമ്മ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നതായി പ്രമുഖ മാധ്യമത്തിന് വിവരം ലഭിച്ചു. രണ്ട് മാസം മുമ്പ് ഓവർഡോസ് മരുന്ന് കഴിച്ച് ഇവർ ആശുപത്രിയിലായിരുന്നുവെന്നും റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മൂമ്മക്കായി കുഞ്ഞിന്റെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവം. ഒച്ച കേട്ട് അമ്മ തിരികെ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ നിന്ന് ചോര വരുന്ന രീതിയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് ആഴത്തിലുള്ള മുറിവ് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായി കുഞ്ഞിന്റെ അമ്മയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തും.