

തൃശൂർ: സഹോദരിമാരായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 82 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതകൾക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.(Man gets 82 years in prison for raping minor sisters)
വടക്കേക്കാട് സ്വദേശിയും കുട്ടികളുടെ ബന്ധുവുമായ 39 വയസ്സുകാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2024 ജൂലൈ മാസത്തിലാണ് പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ സ്കൂൾ ടീച്ചറുടെ നിർദ്ദേശപ്രകാരം പെൺകുട്ടികളുടെ മാതാവ് വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.പി.ഒ. ഷീജ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
വടക്കേക്കാട് പോലീസ് ഇൻസ്‌പെക്ടറായിരുന്ന കെ. സതീഷ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ കെ.പി. ആനന്ദാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ്, അഡ്വക്കേറ്റ്മാരായ കെ.എൻ. അശ്വതി, ടി.വി. ചിത്ര എന്നിവരും പ്രോസിക്യൂഷൻ സഹായത്തിനായി ജി.എസ്.സി.പി.ഒ. മിനിമോളും ഹാജരായി. പോക്സോ കേസുകളിൽ അതിവേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കുന്നതിൽ ഈ വിധി നിർണ്ണായകമായി.