'തിരഞ്ഞെടുപ്പ് ജോലിയുള്ളവരെ ഒഴിവാക്കാം': SIR സംബന്ധിച്ച ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; അടിയന്തര യോഗം ചേർന്നു | SIR

മറ്റ് ജീവനക്കാരെ ജില്ലാ കളക്ടർമാർക്ക് ബി.എൽ.ഒമാരായി നിയമിക്കുന്നതിന് തടസ്സമില്ലെന്ന് സി.ഇ.ഒ. വ്യക്തമാക്കി.
'തിരഞ്ഞെടുപ്പ് ജോലിയുള്ളവരെ ഒഴിവാക്കാം': SIR സംബന്ധിച്ച ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; അടിയന്തര യോഗം ചേർന്നു | SIR
Published on

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും എസ്.ഐ.ആർ. (തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം) പ്രവർത്തനങ്ങളും ഒരേസമയം നടക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തി. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാന്റെ നിർദ്ദേശപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ (സി.ഇ.ഒ.) സാന്നിധ്യത്തിൽ ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം ചേർന്നു.(Election Commission clarifies confusion regarding SIR)

തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ആർ. പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കാം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി മറ്റ് ജീവനക്കാരെ ജില്ലാ കളക്ടർമാർക്ക് ബി.എൽ.ഒമാരായി നിയമിക്കുന്നതിന് തടസ്സമില്ലെന്ന് സി.ഇ.ഒ. വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമുണ്ടാകാത്ത രീതിയിൽ വേണം വോട്ടർപട്ടിക തീവ്രപരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കളക്ടർമാരോട് ആവശ്യപ്പെട്ടു.

വോട്ടർ പട്ടിക തയ്യാറാക്കലും തിരഞ്ഞെടുപ്പ് നടത്തിപ്പും രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെയും ബാധ്യതയാണ്. ഇവ രണ്ടും തടസ്സമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പും തീവ്ര വോട്ടർ പട്ടികാ പരിശോധനയും തടസം കൂടാതെ നടത്താനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് 14 ജില്ലകളിലെയും കളക്ടർമാർ യോഗത്തിൽ അറിയിച്ചു.

നേരത്തെ, ബി.എൽ.ഒമാരെ പൂർണ്ണമായും തീവ്ര വോട്ടർ പരിഷ്കരണത്തിലേക്ക് മാറ്റണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആദ്യ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ജോലിയുള്ളവർക്ക് ഇത് ബാധകമല്ലെന്ന് പിന്നാലെ തിരുത്തി. തിരഞ്ഞെടുപ്പ് ജോലിയുള്ള ആരെയും ബി.എൽ.ഒമാരാക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവിട്ടിരുന്നു. ഈ വ്യത്യസ്ത ഉത്തരവുകൾ കളക്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സംയുക്ത യോഗം നടന്നത്.

ബി.എൽ.ഒമാരെ മാറ്റുമ്പോൾ അതാത് ബൂത്തിലോ സമീപത്തെ ബൂത്തിലോ ഉള്ള സംസ്ഥാന സർക്കാർ ജീവനക്കാരെയാണ് പകരം നിയോഗിക്കേണ്ടത്. സർക്കാർ ജീവനക്കാരെ ലഭ്യമല്ലെങ്കിൽ, അങ്കണവാടി വർക്കർമാർ, കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർ തുടങ്ങിയവരെ നിയോഗിക്കാം. എന്നാൽ, സർക്കാർ ജീവനക്കാരെ കിട്ടാനില്ലെന്ന് രേഖാമൂലം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം.

പകരമെത്തുന്നവർക്ക് എസ്.ഐ.ആറിൽ വലിയ പരിശീലനത്തിന്റെ ആവശ്യമില്ലെന്നും പ്രക്രിയ ലളിതമാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com