Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaതന്ത്രിക്ക് പോറ്റിയുമായുള്ള ബന്ധം സ്വർണക്കൊള്ളയ്ക്ക് വഴിവച്ചുവെന്ന് SITയുടെ കണ്ടെത്തൽ, എതിർത്ത് പ്രതിഭാഗം:...

തന്ത്രിക്ക് പോറ്റിയുമായുള്ള ബന്ധം സ്വർണക്കൊള്ളയ്ക്ക് വഴിവച്ചുവെന്ന് SITയുടെ കണ്ടെത്തൽ, എതിർത്ത് പ്രതിഭാഗം: തന്ത്രിയുടെ ജാമ്യഹർജിയിൽ പ്രതിഭാഗം വാദം പൂർത്തിയായി, നാളെ പ്രോസിക്യൂഷൻ വാദം | Sabarimala

🎙️ Latest Podcast

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയാണ് തന്ത്രിക്ക് വേണ്ടി ഓൺലൈനായി ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വാദം നാളെ നടക്കും.(Defense argument completes in Thanthri’s bail plea in Sabarimala gold theft case)

ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് അധികാരമെന്നും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള ബന്ധം സ്വർണക്കൊള്ളയ്ക്ക് വഴിവെച്ചു എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ പ്രതിഭാഗം എതിർത്തു.

തന്ത്രിയുമായി അത്ര വലിയ ബന്ധമുണ്ടായിരുന്നെങ്കിൽ പോറ്റിക്ക് വെറും കീഴ്ശാന്തി സഹായിയായി നിൽക്കേണ്ടി വരുമായിരുന്നില്ലെന്നും, തന്ത്രിക്കൊപ്പമോ മറ്റ് ഉയർന്ന സ്ഥാനങ്ങളിലോ അദ്ദേഹത്തെ കാണാമായിരുന്നല്ലോ എന്നും അഭിഭാഷകൻ വാദിച്ചു. അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും.

ശ്രീകോവിലിന്റെ വാതിലുകൾ, ദ്വാരപാലക ശില്പങ്ങൾ, മറ്റ് സ്വർണ്ണപ്പാളികൾ എന്നിവയുടെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിക്കും. സ്വർണ്ണപ്പാളികളുടെ കനം, ഘടന എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. എസ്.ഐ.ടി സംഘത്തോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗത്തിലെ വിദഗ്ധരും പരിശോധനയിൽ പങ്കെടുക്കും. ശാസ്ത്രീയ വിശകലനത്തിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് സാമ്പിളുകൾ അയക്കാനാണ് തീരുമാനം.

പരിശോധനയ്ക്ക് മുന്നോടിയായി പമ്പയിൽ ഉന്നതതല അവലോകന യോഗം ചേരും. ഇതിനുശേഷമായിരിക്കും സന്നിധാനത്തെ പരിശോധനകൾ ആരംഭിക്കുക.നേരത്തെ വി.എസ്.എസ്.സി നടത്തിയ പരിശോധനയിൽ സ്വർണ്ണപ്പാളികളിൽ നിക്കൽ, അക്രിലിക് പോളിമർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് സ്വർണ്ണത്തിൽ കൃത്രിമം നടന്നു എന്ന സംശയം ബലപ്പെടുത്തി. സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്ന മെർക്കുറിയുടെ സാന്നിധ്യവും പുതിയ പരിശോധനയിൽ ശ്രദ്ധാകേന്ദ്രമാകും. ഫെബ്രുവരി 19-ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയമായ പുനഃപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. അതീവ പ്രാധാന്യമുള്ള കേസാണെന്ന പരിഗണനയിൽ ഹൈക്കോടതി അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്.

അതേസമയം, ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സ്വർണ്ണ സംഭാവനകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ ത്വരിത അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. സ്വർണ്ണത്തിന്റെ അളവിലും കൈമാറ്റത്തിലും അവ്യക്തത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് നടപടി. അന്വേഷണം യു ഡിഎഫ് ഭരണസമിതിയിലേക്കും എത്തിയേക്കും.

ഭക്തർ സംഭാവനയായി നൽകിയ സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, അത് കൊടിമരത്തിൽ ഉപയോഗിച്ച രീതി എന്നിവയിൽ വ്യക്തത വരുത്തണം. നിലവിലെ രേഖകളിൽ വൈരുദ്ധ്യമുള്ളതിനാൽ അന്വേഷണം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ പ്രത്യേക കേസെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.