കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിമുടി തിരുത്തലുകൾ വരുത്താനും ഘടന ശക്തിപ്പെടുത്താനുമായി സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗം സംഘടിപ്പിക്കുന്നു (CPM expanded state committee Kozhikode). കോഴിക്കോട് അടുത്ത മാസം നടക്കുന്ന യോഗത്തിന്റെ സംഘാടക സമിതി രൂപീകരണം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവ്വഹിച്ചു.
തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് പുതിയ ഊർജ്ജത്തോടെ പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, പോഷക-വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളാകുന്നതായിരിക്കും ഈ വിപുലീകൃത കമ്മിറ്റി. അതേസമയം, പയ്യന്നൂർ പാർട്ടി കമ്മിറ്റിയിൽ പുനഃസംഘടനയോ ഇളക്കിപ്രതിഷ്ഠയോ നടന്നിട്ടില്ലെന്നും, മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട് അസംബന്ധങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ വിമർശനം:
സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴക്കെടുതിയും പ്രളയസാഹചര്യവും നേരിടുന്നതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിന് പകരം വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിലാണ് പോയതെന്ന വി.ഡി. സതീശന്റെ വാദം തികച്ചും കളവാണെന്നും ഓരോ വാർത്താസമ്മേളനത്തിലും തെറ്റായ കാര്യങ്ങൾ പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
Story Summary: CPM State Secretary M.V. Govindan announced an expanded State Committee meeting in Kozhikode to address election setbacks and review party structure. He rejected rumors about organizational changes in the Payyannur committee and criticized Chief Minister V.D. Satheesan over his management of the rain crisis and media encounters.


