തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ അച്ഛന്റെ പേര് വ്യക്തമാക്കാനാണ് ഔദ്യോഗിക രേഖകളിലുള്ള പൂർണ്ണമായ പേര് വായിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(CM V D Satheesan Responds To Oath Ceremony Name Controversy Denies Cabinet Portfolio Disputes)
അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. ആ സമയത്ത് അമ്മയെ മനസ്സിൽ ഓർത്തു. സത്യപ്രതിജ്ഞാ വാചകത്തിൽ അമ്മയുടെ പേര് പറയാനും ആഗ്രഹം ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്. താൻ എം.എൽ.എ ആകുന്നതിന് മുൻപ് തന്നെ മരണപ്പെട്ടവരാണ് രണ്ടുപേരും. പാസ്‌പോർട്ടിലും മറ്റ് ഔദ്യോഗിക രേഖകളിലും ഉള്ള ഫുൾ നെയിം ആണ് വായിച്ചത്, അതിൽ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. വി.ഡി. സതീശൻ സത്യപ്രതിജ്ഞയിൽ ഉപയോഗിച്ച പേരിനെതിരെ സ്വന്തം പാർട്ടിയിലെ നേതാക്കളിൽ നിന്ന് ഉൾപ്പെടെ കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
ചികിത്സാ പിഴവിനെ തുടർന്ന് മരണമടഞ്ഞ കൊല്ലം പന്മന സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് പുതിയ മന്ത്രിസഭ ഈ സാമ്പത്തിക സഹായത്തിന് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കങ്ങളുണ്ടെന്ന മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന മുഖ്യമന്ത്രി പൂർണ്ണമായി തള്ളി. സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ തൃശൂരിലേക്ക് പോയതിനാലാണ് വിജ്ഞാപനം വൈകിയത്. ഗവർണർ തിരിച്ചെത്തിയ ഉടൻ ഇന്ന് രാവിലെ തന്നെ അന്തിമ ലിസ്റ്റ് സമർപ്പിച്ചിട്ടുണ്ടെന്നും എവിടെയും തർക്കങ്ങളില്ലെന്നും സതീശൻ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസം, ഫിഷറീസ് വകുപ്പുകളെ ചൊല്ലി തർക്കങ്ങളുണ്ടെന്നും ഘടകകക്ഷികളുമായി ഒത്തുതീർപ്പിലെത്തുമ്പോൾ കോൺഗ്രസിനുള്ളിൽ മാറ്റങ്ങൾ വേണ്ടിവരുമെന്നുമായിരുന്നു മുരളീധരൻ മുൻപ് പറഞ്ഞിരുന്നത്.
കേരളത്തിൽ വൻ വിവാദമുണ്ടാക്കിയ തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ റദ്ദാക്കിയതിനൊപ്പം പദ്ധതിക്കെതിരെയുള്ള സമരങ്ങളിൽ ജനങ്ങൾക്കെതിരെയെടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ നൽകും. സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി പ്രായോഗികമല്ലാത്തതിനാലാണ് വേണ്ടെന്ന് വെച്ചതെന്നും സിൽവർ ലൈനിന് പകരം പരിസ്ഥിതി സൗഹൃദ അതിവേഗ യാത്രാ ഇടനാഴികൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2026 നവംബർ 30 വരെ നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി ‘വിഷൻ 2031’ പദ്ധതിയും ആദ്യ 100 ദിവസത്തെ കർമ്മ പദ്ധതിയും നടപ്പിലാക്കും. പദ്മ പുരസ്കാര ശുപാർശകൾക്കായി പുതിയ സമിതി രൂപീകരിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് ലോക്ഭവന്റെ നിർദ്ദേശപ്രകാരമാണ്. വേദിയിൽ വെച്ചാണ് താൻ ഇതേക്കുറിച്ച് അറിഞ്ഞത്. സൈബർ ഇടങ്ങളിൽ ആരും അധിക്ഷേപിക്കപ്പെടരുത്. നിലവിൽ ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത് വനിതാ മാധ്യമപ്രവർത്തകരാണ്, ഇത് അനുവദിക്കാനാകില്ല. ശക്തമായ മതേതര നിലപാടുമായി മുന്നോട്ട് പോകുമെന്നും വർഗ്ഗീയതയെ ശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Summary
Chief Minister V D Satheesan emotionally responded to criticism regarding the use of his caste-associated full name during the oath-taking ceremony, clarifying it was to include his late father’s name. In the cabinet briefing, he rejected K Muraleedharan’s claims of cabinet portfolio disputes, officially announced the cancellation of the SilverLine project, and extended the validity of PSC rank lists until November 30, 2026.

