കോഴിക്കോട് : തന്റെ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥയും പൂട്ടുമെന്ന ആശങ്കയും പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതിയ കൊച്ചു മിടുക്കി ഹാദിയയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. സ്‌കൂൾ സന്ദർശിക്കാമെന്നും അധ്യാപകരെയും കുട്ടികളെയും കാണാമെന്നും ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി മറുപടിക്കത്ത് അയച്ചത്.(Chief Minister VD Satheesan Replies To Fourth Grader Hadiya Letter)
കോഴിക്കോട് ജില്ലയിലെ പൂളപ്പൊയിൽ ഗവ. എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹാദിയ. സ്‌കൂളിന്റെ അവസ്ഥയും നേരിടുന്ന വെല്ലുവിളികളും അക്കമിട്ടു നിരത്തിയാണ് ഹാദിയ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തന്റെ സ്‌കൂളിൽ കൂടുതൽ കുട്ടികൾ വരണമെന്നും, മുഖ്യമന്ത്രി വന്നാൽ സ്‌കൂളിന് നല്ല പബ്ലിസിറ്റി കിട്ടുമെന്നും കത്തിൽ ഹാദിയ ആഗ്രഹപ്രകടിപ്പിച്ചിരുന്നു. തൊട്ടടുത്തുള്ള കുട്ടികൾ പോലും ഇപ്പോൾ ഇവിടേക്ക് പ്രവേശനം എടുക്കുന്നില്ലെന്നും, ഭാവിയിൽ സ്‌കൂൾ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയും ഈ കൊച്ചു കുട്ടി കത്തിലൂടെ പങ്കുവെച്ചു.
ഒരു ദിവസം സ്‌കൂളിൽ വരാമെന്നും മോളെയും ടീച്ചർമാരെയും നേരിൽ കാണാമെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. സ്‌കൂളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ഉറപ്പാക്കും. തിരക്കുകൾ കാരണം കത്ത് വായിക്കാൻ വൈകിയതിൽ മാപ്പ് പറഞ്ഞ മുഖ്യമന്ത്രി, നന്നായി പഠിക്കണമെന്നും അധ്യാപകരോട് അന്വേഷണം പറയണമെന്നും ഹാദിയയെ ഓർമ്മിപ്പിച്ചു.
Story Summary
Fourth-grader Hadiya from Poolappoyil Govt LP School wrote a heartfelt letter to Chief Minister V.D. Satheesan expressing her concerns about her school’s dwindling admissions and potential closure. Impressed by her initiative, the Chief Minister replied, promising to visit the school and support efforts to attract more students.

