Times Kerala

സ്കൂട്ടർ ലോറിയിലിടിച്ച് ബിഎഡ് വിദ്യാർഥി മരിച്ചു

 
yujyj

കൊല്ലം: തിങ്കളാഴ്ച സ്‌കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിഎഡി വിദ്യാർഥിനി മരിച്ചു. പുത്തൂർ സ്വദേശി വി പ്രകാശിൻ്റെയും സുജാതയുടെയും മകൾ അനഘ പ്രകാശാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കര-പുത്തൂർ റോഡിൽ സരിത ജംക്‌ഷനു സമീപമായിരുന്നു അപകടം. വെണ്ടാറിലെ ശ്രീ വിദ്യാധിരാജ ബിഎഡ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു അനഘ. കോളേജിലെ അധ്യാപക പരിശീലന ക്ലാസിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്.

പുത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുമായി അനഘയുടെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിക്കാത്ത അനഘ റോഡിൽ വീണു ഗുരുതരമായി പരിക്കേറ്റു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് അനഘ. മാതാപിതാക്കൾ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നതിനാൽ കൊട്ടാരക്കരയിലെ വനിതാ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Topics

Share this story