

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെടുത്തതിന് പിന്നാലെ, നഗരപിതാവായി വി.വി. രാജേഷിനെ പാർട്ടി നിശ്ചയിച്ചു. യുവ നേതാവ് ആശാ നാഥ് ഡെപ്യൂട്ടി മേയറാകും. ആർ.എസ്.എസ് നേതൃത്വത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കിയാണ് ഇരുവരെയും ഈ പദവികളിലേക്ക് പാർട്ടി നിയോഗിച്ചത്.
ബി.ജെ.പിയുടെ തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന സെക്രട്ടറിയുമായ വി.വി. രാജേഷ്, തലസ്ഥാനത്തെ പാർട്ടിയുടെ സൗമ്യമുഖമായാണ് അറിയപ്പെടുന്നത്. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമാണ്. ഇത്തവണ കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് അദ്ദേഹം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് പൂജപ്പുര വാർഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.
മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പേര് മേയർ സ്ഥാനത്തേക്ക് സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും, രാജേഷിന്റെ രാഷ്ട്രീയ പ്രവർത്തന പരിചയവും നഗരസഭയിലെ മുൻകാല പോരാട്ടങ്ങളും പരിഗണിച്ച് നറുക്ക് അദ്ദേഹത്തിന് വീഴുകയായിരുന്നു.
സമരമുഖത്തെ യുവത്വത്തിന്റെ പ്രതീക എന്ന നിലയിലാണ് യുവ നേതാവ് ആശാ നാഥ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എത്തിയത്.
വഴുതക്കാട് വിമൻസ് കോളേജിലെ എ.ബി.വി.പി പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആശാ നാഥ്, യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്.
തലസ്ഥാനത്തെ ബി.ജെ.പിയുടെ കരുത്തുറ്റ വനിതാ മുഖമായ ആശാ നാഥിനെ ആർ.എസ്.എസ് പിന്തുണയോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിച്ചത്.
അതേസമയം , ബി.ജെ.പി ഭരണം പിടിച്ചെടുത്ത കോർപ്പറേഷനിൽ ഇത്തവണ അതിശക്തമായ പ്രതിപക്ഷ നിരയാണുള്ളത്. സി.പി.ഐ.എമ്മിന്റെ മൂന്ന് ഏരിയ സെക്രട്ടറിമാരും കോൺഗ്രസിനായി മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും കൗൺസിലിലുണ്ട്. ഈ വെല്ലുവിളികളെ അതിജീവിച്ച് നഗരവികസനം മുന്നോട്ട് കൊണ്ടുപോകുക എന്ന വലിയ ദൗത്യമാണ് വി.വി. രാജേഷിനും ആശാ നാഥിനും മുന്നിലുള്ളത്.