തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് മന്ത്രി വി. ശിവൻകുട്ടി. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവകരമാണെന്നും, വിഷയത്തിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതീവ സുരക്ഷയുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിയത്? മുതിർന്ന നേതാക്കൾക്ക് പോലും ലഭിക്കാത്ത കൂടിക്കാഴ്ചാ അനുമതി ഇയാൾക്ക് എങ്ങനെ ലഭിച്ചു എന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കണം. വേണുഗോപാൽ അറിയാതെ ഇത്തരമൊരു കൂടിക്കാഴ്ച നടക്കാൻ സാധ്യതയില്ലെന്നും മന്ത്രി ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി പലതവണ പലരുമായും സോണിയാ ഗാന്ധിയെ കാണാൻ പോയിട്ടുണ്ടെന്ന അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ ദുരൂഹമാണ്. അപ്പോയിന്റ്മെന്റ് എടുത്തു നൽകിയത് ആരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കട്ടെ എന്ന അടൂർ പ്രകാശിന്റെ മറുപടി ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും മന്ത്രി പറഞ്ഞു.
2019-ൽ മാത്രം പരിചയപ്പെട്ട ഒരാൾ വിളിച്ചപ്പോൾ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പോയി എന്ന വാദം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. സ്വർണ്ണക്കേസ് പ്രതിയും ഉന്നത കോൺഗ്രസ് നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിക്കപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നത ബന്ധങ്ങൾ പുറത്തുവരുന്നത് കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.