

തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ (എം. രാധാകൃഷ്ണൻ) മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 50 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ 51 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനായി.
തന്റെ വാർഡിന്റെ വികസനത്തിനായി 'ഗ്രീൻ ഫ്ലോ കണ്ണമ്മൂല' എന്ന വികസന പത്രിക രാധാകൃഷ്ണൻ മൂന്ന് മുന്നണികൾക്കും നൽകിയിരുന്നു. ഇത് നടപ്പിലാക്കാൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തത് എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.
മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രനായി വിജയിച്ച തനിക്ക് വാർഡിന്റെയും നഗരത്തിന്റെയും വികസനത്തിനാണ് മുൻഗണനയെന്നും, അതിന് തയ്യാറായവരോട് പുറംതിരിഞ്ഞു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം , കണ്ണമ്മൂലയിലെ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും ജനങ്ങൾക്ക് പുരോഗതി ഉറപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. 'വികസിത തിരുവനന്തപുരം' എന്ന പാർട്ടിയുടെ ലക്ഷ്യവുമായി രാധാകൃഷ്ണന്റെ കാഴ്ചപ്പാടുകൾ ചേർന്നുനിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.