

കാസർകോട്: വഴിയിൽ തടഞ്ഞുനിർത്തി ഗൃഹനാഥനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എ.ടി.എം കാർഡും പണവും കവർന്ന സംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലമ്പാടി സ്വദേശി കമറുദ്ധീന്റെ ഒരു ലക്ഷത്തോളം രൂപയാണ് നാലംഗ സംഘം കവർന്നത്. ബുധനാഴ്ച രാത്രി 11.30-ഓടെ കാസർകോട് നെല്ലിക്കുന്നിലായിരുന്നു സംഭവം.
രാത്രിയിൽ നെല്ലിക്കുന്നിലൂടെ പോവുകയായിരുന്ന കമറുദ്ധീനെ നാലംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. മാരകായുധങ്ങൾ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ഇദ്ദേഹത്തിന്റെ പേഴ്സും എ.ടി.എം കാർഡും കൈക്കലാക്കി. തുടർന്ന് നിർബന്ധിച്ച് എ.ടി.എം പിൻ നമ്പറും (Password) ചോദിച്ചറിഞ്ഞു.
കാർഡുപയോഗിച്ച് എ.ടി.എമ്മിൽ നിന്നും 99,000 രൂപയും പേഴ്സിലുണ്ടായിരുന്ന 2,000 രൂപയും സംഘം കൈക്കലാക്കി. ആകെ 1,01,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. കമറുദ്ധീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് മൂന്ന് പേർ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നാലാമനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഈ മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു. ലഹരി മാഫിയ സംഘങ്ങളാണോ ഇതിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.