Saturday, February 7, 2026
HomeKerala'ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി, ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് ചോദിച്ചു, അതിനും മറുപടി നൽകി,...

‘ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി, ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് ചോദിച്ചു, അതിനും മറുപടി നൽകി, അസ്വാഭാവികത ഇല്ല’: അടൂർ പ്രകാശ്, N വിജയകുമാർ വീണ്ടും റിമാൻഡിൽ, തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത് SIT റിപ്പോർട്ട് സമർപ്പിച്ചു | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിന്നു.(Answered all the questions, Adoor Prakash on SIT interrogation in Sabarimala gold theft case)

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത് അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി എന്നാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്നും സമ്മാനങ്ങൾ സ്വീകരിച്ചുവെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് ഈ ചോദ്യം ചെയ്യൽ നടന്നത്.

ചോദ്യം ചെയ്യൽ വളരെ സ്വാഭാവികമായിരുന്നുവെന്നും എന്നാൽ വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം ക്ഷോഭിക്കുകയും ചെയ്തു. എം. മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് താൻ ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയത്. ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് എസ്ഐടി അറിയിച്ചതനുസരിച്ച് രാവിലെ തന്നെ ഓഫീസിൽ ഹാജരായി.  ഉണ്ണികൃഷ്ണൻ പോറ്റിയെക്കുറിച്ച് അന്വേഷണ സംഘം ചോദിച്ച എല്ലാ കാര്യങ്ങൾക്കും തനിക്ക് അറിയാവുന്ന മറുപടി നൽകി. അവർ അത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംഘം തന്നോട് ഒന്നും ചോദിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ കാര്യങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയോട് തന്നെ ചോദിക്കൂ, അദ്ദേഹം ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പോറ്റിക്കൊപ്പം ഇരുത്തിയല്ല തന്നെ ചോദ്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നൽകിയ മറുപടികൾ തൃപ്തികരമാണോ എന്ന് പറയേണ്ടത് ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.

കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ പോറ്റിയെയും എസ് ഐ ടി ചോദ്യം ചെയ്തിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ബോർഡിന്റെ എല്ലാ നടപടികളിലും എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് മുൻ പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.

കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ തന്ത്രിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിശദമായ വാദം കേൾക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates