ആലപ്പുഴ: കുട്ടനാട്ടിൽ വീടിന് സമീപം വെച്ച് പാമ്പുകടിയേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു (Alappuzha Snakebite Death). വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് ഇന്ദിരയ്ക്ക് പാമ്പുകടിയേറ്റത്. മൂർഖൻ പാമ്പാണ് കടിച്ചത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആന്റിവെനം ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ നൽകിയെങ്കിലും രാത്രി ഒമ്പതരയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തുടർച്ചയാകുന്ന പാമ്പുകടി മരണങ്ങൾ
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ പാമ്പുകടി മരണമാണിത്. കഴിഞ്ഞ ദിവസം കായംകുളത്ത് 42 വയസ്സുള്ള യുവതിയും പാമ്പുകടിയേറ്റ് മരിച്ചിരുന്നു. വേനൽ കടുത്തതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർധിച്ചിരിക്കുകയാണ്. പരിസരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Story Summary: A 65-year-old woman named Indira died after being bitten by a cobra in Kuttanad, Alappuzha. The incident occurred near her house on Friday evening. Despite receiving anti-venom treatment at Alappuzha Medical College, she passed away at night. This is the second snakebite death reported in the district within two days.

