കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വിനോദസഞ്ചാര മേഖലയായ തിരുവമ്പാടി കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് കടുത്ത പരിഭ്രാന്തി പരത്തി (Kakkadampoyil car fire accident today). ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് യാത്രക്കാർ അത്ഭുതകരമായാണ് വലിയൊരു ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
യാത്രയ്ക്കിടെ ബോണറ്റിനുള്ളിൽ നിന്നും പെട്ടെന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ കാർ റോഡരികിലേക്ക് മാറ്റിനിർത്തുകയും യാത്രക്കാരെയെല്ലാം ഉടനടി പുറത്തിറക്കുകയുമായിരുന്നു. ഇവർ ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ കാറിലേക്ക് തീ പടരുകയും വാഹനം പൂർണ്ണമായും അഗ്നിക്കിരയാകുകയും ചെയ്തു.
റോഡിൽ കാർ ആളിപ്പടർന്നു കത്തുന്നത് കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. തുടർന്ന് മുക്കത്തു നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം അതിവേഗം സ്ഥലത്തെത്തിയാണ് കാറിലെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
മലയോര പാതയിൽ കാറിന് തീപിടിച്ചതിനെത്തുടർന്ന് കക്കാടംപൊയിൽ റൂട്ടിൽ വൻ ഗതാഗത തടസ്സമുണ്ടായി. പിന്നീട് ഫയർഫോഴ്സും തിരുവമ്പാടി പോലീസും ചേർന്ന് കത്തിയ കാർ റോഡരികിലേക്ക് മാറ്റി സ്ഥാപിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമല്ല. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർപരിശോധന നടത്തും.
Story Summary: A moving car caught fire at Kakkadampoyil in Thiruvanambady, Kozhikode. Six passengers, including two children, escaped unhurt after noticing smoke from the vehicle. Two fire units from Mukkam doused the fire.

