കണ്ണൂർ: കണ്ണൂർ കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മഠത്തിപറമ്പിൽ ഗീതമ്മ (55) ആണ് കൊല്ലപ്പെട്ടത് (Kannur Kolakkad Murder). സംഭവത്തിന് പിന്നാലെ മകൻ ക്രിസ്റ്റി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വാക്കുതർക്കത്തിനിടെ മകൻ കത്തിയെടുത്ത് കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി എട്ടിനും ഒമ്പതിനും ഇടയിലായിരുന്നു സംഭവം. ഗീതമ്മയും ക്രിസ്റ്റിയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയായ ക്രിസ്റ്റി മയക്കുമരുന്നിന് അടിമയാണെന്നും കൊലപാതകം നടക്കുമ്പോഴും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. മാരകായുധം ഉപയോഗിച്ച് കഴുത്തിൽ കുത്തിയും അറുത്തുമാണ് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഗീതമ്മ ബിജെപി-മഹിളാ മോർച്ചയുടെ ജില്ലാ നേതാവാണ്. സജീവ രാഷ്ട്രീയ പ്രവർത്തകയായ ഇവർ പ്രദേശത്ത് അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്ത് പോലീസ് എത്തിയ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ മാനസിക വിഭ്രാന്തിയാണോ അതോ മറ്റ് കുടുംബ പ്രശ്നങ്ങളാണോ കൊലപാതകത്തിന് കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Story Summary: A BJP Mahila Morcha district leader named Geethamma was brutally murdered by her drug-addicted son, Christy, in Kolakkad, Kannur. The incident occurred on Friday night following a verbal dispute, during which the son slashed her throat. The suspect later surrendered to the police.

