തിരുവനന്തപുരം: കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി (Kerala Heatwave 2026). ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും പലയിടങ്ങളിലും താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നേക്കാം. പ്രത്യേകിച്ച് പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ഉഷ്ണ സാഹചര്യവും പകൽ സമയത്തെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓരോ ജില്ലയിലെയും സാഹചര്യം വിലയിരുത്തി തുടർ നടപടികൾ യോഗം തീരുമാനിക്കും.
പ്രധാന നിർദ്ദേശങ്ങൾ:
ലോക്ഡൗൺ സമാന ജാഗ്രത: പകൽ സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
സമയക്രമം: പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ഈ സമയത്ത് പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ ജാഗ്രത: നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
മഴ വരുന്നു: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ (ഏപ്രിൽ 27) മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് നിലവിലെ ഉഷ്ണ സാഹചര്യത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary: The Kerala Disaster Management Authority has issued a high alert as temperatures soar across the state, with Palakkad expected to hit 40°C. CM Pinarayi Vijayan has called a high-level meeting today to assess the heatwave situation and work restrictions. Relief is expected as summer rains are predicted to strengthen from the day after tomorrow.

