എ.ഐ കാമറ: അപകടങ്ങൾ കുറഞ്ഞെന്ന് സർക്കാർ ഹൈകോടതിയിൽ

ഹർജികൾ രാഷ്ട്രീയ താൽപര്യത്തോടെയുള്ളതാണെന്നും തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ടെൻഡർ, കരാർ നടപടികളിൽ നിയമവിരുദ്ധമായി ഒന്നുമില്ല. സർക്കാർ ഉത്തരവിനും മാർഗ നിർദേശങ്ങൾക്കും വിധേയമായാണ് നടപടികൾ. എ.ഐ കാമറ സ്ഥാപിക്കുന്നതിലൂടെ ഗതാഗത നിയമലംഘനത്തിന് പിഴയായി അഞ്ചുവർഷം കൊണ്ട് 424 കോടി രൂപ സർക്കാറിന് ലഭിക്കുമെന്നായിരുന്നു കെൽട്രോൺ അറിയിച്ചത്. ഇതിൽനിന്ന് കെൽട്രോണിന് നൽകേണ്ട തുക കുറച്ച് 188 കോടി രൂപ സർക്കാർ ഖജനാവിലേക്ക് എത്തുമെന്നും വിശദീകരിച്ചിരുന്നു. സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർ സമയം തേടിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹർജി സെപ്റ്റംബർ 18ന് പരിഗണിക്കാൻ മാറ്റി.
