

കൊച്ചി: ചിരിപ്പിക്കുന്ന റീലുകളിലൂടെ മലയാളിക്ക് പ്രിയങ്കരിയായ വർഷ രമേശ് തന്റെ ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു. നേട്ടങ്ങൾക്കൊപ്പം തന്നെ വലിയ തകർച്ചകളും മാനസിക വിഷമങ്ങളും നിറഞ്ഞതായിരുന്നു കടന്നുപോയ വർഷമെന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതിനിടയിൽ വർഷ പലപ്പോഴും കണ്ണീരണിയുന്നുണ്ടായിരുന്നു.
സ്വന്തമായി ഒരു ബി.എം.ഡബ്ല്യു (BMW) വാങ്ങിയതും മലയാളത്തിലെ മുൻനിര റിയാലിറ്റി ഷോയുടെ അവതാരകയായതും ഈ വർഷമാണ്. എന്നാൽ ഇതേ വർഷം തന്നെയാണ് തന്റെ ദീർഘകാലത്തെ പ്രണയബന്ധം തകർന്നതെന്നും വർഷ വെളിപ്പെടുത്തി. ജീവിതത്തിലാദ്യമായി കടുത്ത ഉത്കണ്ഠ (Anxiety), പാനിക് അറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങൾക്കായി മരുന്നുകൾ കഴിച്ചു തുടങ്ങേണ്ടി വന്ന വർഷമാണിതെന്ന് താരം പറയുന്നു. "രാത്രി ഉറങ്ങാൻ വേണ്ടി ഞാൻ കൊതിച്ചിട്ടുണ്ട്, കാരണം പകൽ മുഴുവൻ നെഗറ്റീവ് ചിന്തകളാണ്" - വർഷ പറഞ്ഞു.
അത്യാവശ്യം നന്നായി സമ്പാദിച്ചെങ്കിലും തന്റെ തെറ്റല്ലാത്ത കാരണങ്ങളാൽ വലിയ തുക നഷ്ടപ്പെടുകയും ചതിക്കപ്പെടുകയും ചെയ്തു.
അഞ്ചോളം വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടതെല്ലാം വാങ്ങാനും സാധിച്ചു. എന്നാൽ തിരികെ വീട്ടിലെത്തുമ്പോൾ കൂട്ടിന് ആരുമില്ലാത്ത അവസ്ഥയായിരുന്നു. ഇത്രയേറെ സ്ട്രോങ്ങ് ആകാനോ ഒറ്റയ്ക്കാകാനോ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
മറ്റുള്ളവരുടെ സോഷ്യൽ മീഡിയ സ്റ്റോറികൾ കണ്ട് അവരുടെ ജീവിതം മനോഹരമാണെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടിയാണ് ഈ വീഡിയോ പങ്കുവെക്കുന്നതെന്നും, എല്ലാവരുടെയും ജീവിതത്തിൽ പുറത്തുപറയാത്ത ഇരുണ്ട വശങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞാണ് വർഷ വീഡിയോ അവസാനിപ്പിക്കുന്നത്. ആരാധകരുടെ വലിയ പിന്തുണയാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.