മരച്ചില്ല വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു
May 26, 2023, 08:31 IST

രാജാക്കാട്: മരച്ചില്ല വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മുട്ടുകാട് സ്വദേശി മുട്ടുപാറയിൽ വിനോദ് (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. കുഞ്ചിത്തണ്ണി ദേശീയത്തിന് സമീപത്ത് മുത്തൻമുടിയിൽ സ്വകാര്യവ്യക്തിയുടെ ഏലക്കാട്ടിലെ മരത്തിന്റെ ചില്ല വെട്ടുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജാക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. തുടർന്ന്, മൃതദേഹം അടിമാലി മോർച്ചറിയിലേക്ക് മാറ്റി.