വിവാഹച്ചടങ്ങില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഒരു മുതിര്‍ന്ന പൗരന്റെ വീഡിയോ വൈറൽ

വിവാഹച്ചടങ്ങില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഒരു മുതിര്‍ന്ന പൗരന്റെ റീല്‍സ് വീഡിയോ വൈറൽ. മനസ്സു നിറയ്ക്കുന്ന ആ വൈറല്‍ റീലിലെ താരമാണ് മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാലക്കാട് നിവാസിയുമായ തെക്കീട്ടില്‍ പാലൂര്‍ സേതുമാധവന്‍. ജസില്‍ പാച്ചു എന്ന പ്രൊഫഷണല്‍ ക്യാമറമാന്‍ ഒരു വിവാഹച്ചടങ്ങിനിടെയാണ് 73-കാരനായ സേതുമാധവന്‍ 'ഡ്രോണ്‍' പറത്തുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. ഇത് പിന്നീട് റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്ക് എത്തുകയായിരുന്നു. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നതിനിടെ നാലു കൊല്ലം മുന്‍പാണ് സേതുമാധവന്‍ ആദ്യമായി ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നത്. അത്രയേറെ പാഷനായിരുന്നു അദ്ദേഹത്തിന് ഡ്രോണ്‍ ഫോട്ടോഗ്രാഫിയോട്. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നതിനിടെയാണ് മഞ്ചേരി സ്വദേശിയായ ജസില്‍ പാച്ചു സേതുമാധവന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹം അറിയാതെ ഒപ്പിയെടുത്ത ഈ ദൃശ്യങ്ങള്‍ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ദിവസങ്ങള്‍ക്കുള്ളില്‍ വൈറലാവുകയായിരുന്നു. ദിവസങ്ങള്‍ക്കിടെ 20 ലക്ഷത്തിലേറെ പേരാണ് വൈറല്‍ റീല്‍ കണ്ടത്. മൂന്നു ലക്ഷത്തിലേറെ ലൈക്കുകളും ലഭിച്ചു.
