

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന 22ാമത് കേരള ബാംബൂ ഫെസ്റ്റിവലില്‍ മുളയല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തത്സമയ പരിശീലനവും അടിസ്ഥാന വിവരശേഖരം പകരലും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തികച്ചും സൗജന്യമായാണ് സംസ്ഥാന ബാംബൂ മിഷന്‍ മുളയുല്‍പ്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നത്. ഇത്തവണത്തെ ബാംബൂ ഫെസ്റ്റിന്റെ സവിശേഷതയാണിത്.
ലൈവ് ഡെമോയൊക്കെയാണ് ഇതുവരെ ഫെസ്റ്റിനു ചാരുത പകര്‍ന്നതെങ്കില്‍ ഇത്തവണ കാണികളെ കൂട്ടത്തോടെ ആകര്‍ഷിക്കുകയാണ് തത്സമയ പരിശീലനം. ഇരിങ്ങാലക്കുട സ്വദേശി സോണി കെ കെ, ഇടുക്കിയിലെ അംബുജം ഭാസ്‌കരന്‍, വയനാട്ടിലെ പ്രസീത ബിജു എന്നീ പ്രഗത്ഭരാണ് ഫെസ്റ്റ് വേദിയില്‍ പരിശീലനം നല്‍കുന്നത്.
25 വര്‍ഷത്തെ അനുഭവ പരിചയമുണ്ട് സോണിക്ക്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവിതവും. സണ്‍ വീവിംഗും (സൂര്യ നെയ്ത്ത് ) സ്റ്റാര്‍ വീവിംഗും (നക്ഷത്ര നെയ്ത്ത്) നാടന്‍ നെയ്ത്തിലുമാണ് ഇദ്ദേഹത്തിനു പ്രാവീണ്യം. മുളകള്‍ക്കിടയിലേക്കാണ് പിറന്നു വീണതാണ് അംബുജം. രംഗത്ത് 40 വര്‍ഷത്തെ പ്രാവീണ്യമാണിവര്‍ക്ക്. വട്ടിയും അതുപോലെ ഗൃഹോപകരണങ്ങളുമുണ്ടാക്കുന്നതില്‍ വിദഗ്ധ പരിശീലനം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. കണ്ണാടി പായ നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധ.പ്രസീത ബിജുവിന് 18 വര്‍ഷത്തെ പരിചയമുണ്ട് മേഖലയില്‍. ആഭരണങ്ങള്‍ ഒരുക്കുന്നതിലും പെയ്ന്റിംഗിലും ബെന്‍ഡിംഗിലും അതി പ്രവീണ. വിവിധ പരിശീലന പരിപാടികളില്‍ പരിചയം.
ഇവര്‍ മൂവരും ചേര്‍ന്ന് ദിവസേന നൂറോളം പേര്‍ക്ക് ഫെസ്റ്റില്‍ പരിശീലനം നല്‍കുന്നുണ്ട്. മുള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് പഠിക്കാന്‍ ധാരാളം പേര്‍ താത്പര്യം കാണിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ഒരു പരിചയവുമില്ലാത്തവര്‍ക്കും മുളയുല്‍പ്പന്ന നിര്‍മാണം പഠിക്കാം; ചെറിയ ചെലവില്‍ വലിയ വരുമാനത്തിന് ഒരുങ്ങാം.
ഡിസംബര്‍ 31 വരെ രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയും ജനുവരി ഒന്നിനു ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെയുമാണ് ഫെസ്റ്റിന്റെ സമയക്രമം. പ്രവേശനം സൗജന്യം.