സൈബര്‍ ഇടങ്ങളില്‍ സ്ത്രീകര്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം വര്‍ധിക്കുന്നു: അരവിന്ദാക്ഷന്‍ നായര്‍

hhhh

സൈബര്‍ ഇടങ്ങളില്‍ സ്ത്രീകര്‍ക്കും കുട്ടികള്‍ക്കും എതിരെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നതെന്ന് ജില്ലാ സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.ബി അരവിന്ദാക്ഷന്‍ നായര്‍. സൈബര്‍ ലോകവും ഭൗതിക ലോകവും ഒരേ പോലെയുള്ള ലോകത്തെ ചതിക്കുഴികളും ബോധവത്ക്കരണത്തിനായി എന്റെ കേരളം പ്രദര്‍ശന വേദിയില്‍ പോലീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളേയും സ്ത്രീകളേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സംഘം ചേര്‍ന്നാണ് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സൈബര്‍ ലോകം വളരുന്നതിനോടൊപ്പം സാമ്പത്തിക ചൂഷണങ്ങളും വളരുകയാണ്.

വ്യാജ പ്രചരണങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സുകള്‍ മൂലവും ക്രെഡിറ്റ് കാര്‍ഡുകളുടെ വ്യാജ ഓഫര്‍ വഴിയും വിദേശത്ത് ജോലി നല്‍കാമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കി പണം തട്ടുന്നവരിലൂടെയും ഹണി ട്രാപിന്റെ രൂപത്തിലും ഉണ്ടാകുന്ന സാമ്പത്തിക ചതികളെക്കുറിച്ചും നാം ബോധവാന്‍മാരാകേണ്ടതുണ്ട്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോഴും എ ടി എം ല്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും അപരിചിതര്‍ പരിസരത്തില്ലെന്ന് ഉറപ്പു വരുത്തണം. വ്യാജ ലിങ്കുകളില്‍ കയറുന്നതു മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഉണ്ടാകുന്നവര്‍ നമുക്ക് ചുറ്റും അനവധിയാണ്. സാമ്പത്തികവും മാനസികവുമായ സുരക്ഷയ്ക്ക് ഓരോ ക്ലിക്കും ശ്രദ്ധിച്ചു ചെയ്യുക.

മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ള വിവരസാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സൈബര്‍ കുറ്റങ്ങളെക്കുറിച്ചും ക്ലാസില്‍ പറഞ്ഞു. സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നിര്‍മ്മിക്കുന്നതും ഷെയര്‍ ചെയ്യുന്നതിലൂടെയും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ സമൂഹ്യ മാധ്യമങ്ങള്‍ കാരണമാകാറുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊവിഡ് 19 ന് ശേഷം കുട്ടികളിലെ സൈബര്‍ ഉപയോഗം കൂടുതലാണ്. പഠനത്തിനൊപ്പം പഠനേതര കാര്യങ്ങള്‍ക്കും കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നു. കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പി.ബി അരവിന്ദാക്ഷന്‍ നായര്‍ വിശദീകരിച്ചു.

Share this story