Times Kerala

 പെട്രോളിയം വിതരണക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു

 
 പെട്രോളിയം വിതരണക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: സെപ്റ്റംബർ 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളുമായും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രിതിനിധികളുമായും ചൊവ്വാഴ്ച നടത്തിയ യോഗത്തിന് ശേഷമാണ് പണിമുടക്ക് മാറ്റിവച്ചത്. പെട്രോളിയം ഉല്പന്നങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ വിൽപ്പന ഉദ്യോഗസ്ഥരെ നിയമിക്കുക, വ്യാപാരികൾ ആവശ്യപ്പെടുന്ന പെട്രോളിയം ഉല്പന്നങ്ങൾ കമ്പനികൾ നല്കാൻ തയ്യാറാവുക, ഓരോ വ്യാപാരിക്കും ആവശ്യകത അനുസരിച്ച് മാത്രം ഉല്പന്നങ്ങൾ നല്കുക, ഫയർ, പൊല്യൂഷൻ ലൈസൻസ് കാലദൈർഘ്യം വർദ്ധിപ്പിക്കുക, പെട്രോളിയം en വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വ്യാപാരികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
ഇതോടെ വ്യാപാരികൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളിലും പരിഹാരം കാണാൻ കമ്പനി പ്രതിനിധികൾ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതോടെ പണിമുടക്ക് മാറ്റിയതായി പെട്രോളിയം വ്യാപാരി സംഘടനാ നേതാക്കൾ അറിയിച്ചു. ആൾ കേരള പെട്രോളിയം ഡീലേഴ്‌സിനെ പ്രതിനിധീകരിച്ച് ഡി.കെ. രവിശങ്കർ, മൈതാനം എം.എസ്.പ്രസാദ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശബരീനാഥ്, രാജേഷ്, ആൾ കേരള ഡീലർ ടാങ്കർ അസോസിയേഷനെ പ്രതിനിധീകരിച്ച് അഷ്‌റഫ്, ബിനോയ് എന്നിവരും സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

Related Topics

Share this story