Times Kerala

 ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

 
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടിയതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്‌ളോറിംങ്/ ഫിനിഷിംങ്/ പ്ലബിംങ്/ സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്.

ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന നല്‍കും. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

 പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in  എന്ന വെബ്‌സെറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അതാത് ജില്ലാ കളക്ടറേറ്റുകളില്‍ ഒക്ടോബർ 10 വരെ സ്വീകരിക്കും.

Related Topics

Share this story