

മുംബൈ/തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതിയായ ഭർത്താവ് ഉണ്ണികൃഷ്ണൻ പിടിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൂന്തുറ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണനെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
"മകളെ ഉപയോഗിച്ച ഉടുപ്പുപോലെ ഉപേക്ഷിച്ചു" എന്ന മാതാവ് സജിതയുടെ ഹൃദയഭേദകമായ ആത്മഹത്യാക്കുറിപ്പാണ് കേസിൽ നിർണ്ണായകമായത്. 200 പവൻ സ്വർണ്ണവും വീടും വസ്തുവകകളും സ്ത്രീധനമായി നൽകിയിട്ടും ഉണ്ണികൃഷ്ണൻ മകളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു.
ആറ് വർഷം മുൻപായിരുന്നു അയർലൻഡിൽ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹം. എന്നാൽ കേവലം 25 ദിവസം മാത്രമാണ് ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ മരണവീട്ടിൽ വെച്ച് ഉണ്ണികൃഷ്ണനിൽ നിന്നുണ്ടായ അധിക്ഷേപമാണ് ഇരുവരെയും കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
കമലേശ്വരം സ്വദേശികളായ സജിത (54), മകൾ ഗ്രീമ (30) എന്നിവരെ കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച ശേഷമായിരുന്നു ഇരുവരും സയനൈഡ് കഴിച്ചത്. സയനൈഡ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.