

കോഴിക്കോട്: ഒൻപതാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) പങ്കെടുക്കാനായി പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സുനിതയെ കെ.എൽ.എഫ് സംഘാടകർ ഊഷ്മളമായി സ്വീകരിച്ചു. നാസയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം സുനിത വില്യംസ് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.
ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ ഭൂമിയെ വിശാലമായി കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. "നമ്മൾ എല്ലാവരും ശ്വസിക്കുന്നത് ഒരേ വായുവും കുടിക്കുന്നത് ഒരേ വെള്ളവുമാണ്. എന്നിട്ടും മനുഷ്യർ എന്തിനാണ് പരസ്പരം കലഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ആളുകൾ തമ്മിൽ പോരടിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്," സുനിത വില്യംസ് വ്യക്തമാക്കി.
ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ഇനിയും കൂടുതൽ പുതിയ സഞ്ചാരികൾ കടന്നുവരണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു.
27 വർഷത്തെ സേവനത്തിന് ശേഷം തന്റെ 60-ാം വയസ്സിലാണ് സുനിത നാസയിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ വിരമിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
കെ.എൽ.എഫ് ഉദ്ഘാടനം ഇന്ന്: ഇന്ന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. സുനിത വില്യംസിനൊപ്പം ചലച്ചിത്ര താരങ്ങളായ ഭാവന, പ്രകാശ് രാജ് എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഈ മാസം 25 വരെ എട്ട് വേദികളിലായാണ് സാഹിത്യോത്സവം നടക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷമുള്ള സംവാദ പരിപാടിയിൽ സുനിത വില്യംസ് വായനക്കാരുമായി സംസാരിക്കും.