വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണം : ഉദ്ഘാടനം നിർവഹിച്ച് മന്ത്രി

 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണം : ഉദ്ഘാടനം നിർവഹിച്ച് മന്ത്രി 
 

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫർണിച്ചർ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ മക്കൾ കൂടുതലായി ആശ്രയിക്കുന്ന പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തണമെന്ന് പറഞ്ഞ മന്ത്രി ജില്ലാ പഞ്ചായത്തിന്റെ പദ്ധതി അഭിനനന്ദനീയമാണെന്നും അഭിപ്രായപ്പെട്ടു.

കുട്ടികളുടെ പഠന നിലവാരം ഉയരണമെങ്കിൽ ഭൗതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങൾ തകർച്ച നേരിട്ട് കൊണ്ടിരിക്കുന്ന കാലത്താണ് അവ ഏറ്റെടുത്ത് മികവിന്റെ പാതയിൽ ഉയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ സ്കൂളുകളിൽ വലിയ മാറ്റം സംഭവിച്ചെന്നും പൊതു വിദ്യാലയങ്ങളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്നെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന് ഭീഷണിയാകുന്ന ലഹരി എന്ന വിപത്തിനെതിരെ വിദ്യാലയങ്ങളിൽ നിന്ന് തന്നെ ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1.5 കോടി രൂപയുടെ ഫർണിച്ചറുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. 58 ഹൈസ്കൂൾ, 53 ഹയർ സെക്കന്ററി, 14 വി എച്ച് എസ് ഇ സ്കൂളുകൾക്കാണ് ബെഞ്ച്, ഡെസ്ക്, വൈറ്റ് ബോർഡ് ഉൾപ്പെടെ നൽകുന്നത്.

കുറ്റൂർ ചന്ദ്ര മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ മുഖ്യാതിഥിയായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ എസ് ജയ, ലതാ ചന്ദ്രൻ, എവി വല്ലഭൻ,ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share this story