

കോഴിക്കോട്: സമസ്ത ഇകെ വിഭാഗവും മുസ്ലിം ലീഗും തമ്മിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ (Jifry Muthukkoya Thangal). മുഖ്യമന്ത്രി പിണറായി വിജയനുമായി പുലർത്തുന്ന അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്തയുടെ ശതാബ്ദി സന്ദേശ യാത്രയിൽ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കാതിരുന്നത് പിണക്കം കൊണ്ടല്ല, മറിച്ച് സാങ്കേതികമായ അസൗകര്യങ്ങൾ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. സാദിഖലി തങ്ങളുമായോ ലീഗിലെ മറ്റാരെങ്കിലുമായോ തനിക്ക് അഭിപ്രായവ്യത്യാസമില്ല. സമസ്തയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ല. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സമസ്ത അഭിപ്രായം പറയുന്നില്ലെന്നും തങ്ങൾ വ്യക്തമാക്കി.
എസ്ഐആർ പട്ടികയിൽ (SIR) നിന്ന് അർഹരായ ഒരാൾ പോലും പുറത്തുപോകരുത്. രേഖകളുണ്ടായിട്ടും വോട്ട് തള്ളുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയോട് സമസ്തയ്ക്ക് ആശയപരമായ എതിർപ്പുണ്ട്. എന്നാൽ അവർ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതിലോ സഖ്യങ്ങളിൽ ചേരുന്നതിലോ തനിക്ക് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രിയോടൊപ്പമുള്ള യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, അതിന്റെ ലാഭനഷ്ടങ്ങൾ അവർ തന്നെ അനുഭവിക്കട്ടെ എന്നായിരുന്നു തങ്ങളുടെ മറുപടി.
Samastha President Jifry Muthukkoya Thangal clarified that there are no rifts between Samastha and the Muslim League, stating that the absence of certain leaders at recent events was due to technical reasons, not discord. He emphasized that his rapport with Chief Minister Pinarayi Vijayan is solely intended to protect minority rights and that Samastha maintains a non-political stance.