അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഏകോപന സമിതി രൂപവത്കരിക്കാൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർദ്ദേശം നൽകി. പെരുന്നാളിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്തുവാൻ പള്ളിയിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഈ സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. (P Prasad)
ജനുവരി 10 മുതൽ 27 വരെയാണ് പെരുന്നാൾ. കൊടിയേറ്റ് മുതൽ എട്ടാം പെരുന്നാൾ ദിവസം വരെ ലക്ഷകണക്കിന് വിശ്വാസികൾ എത്തിച്ചേരുന്നതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യാനും കൂടുതൽ സംവിധാനം ഒരുക്കും. മോഷണം, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനും ആളുകളെ നിരീക്ഷിക്കുന്നതിനും വിവിധ ഇടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കാൻ യോഗം നിർദ്ദേശിച്ചു. ചമ്പക്കാട് മുതൽ ഐടി ജംഗ്ഷൻ വരെ റോഡിന് ഇരുവശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്താൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. കടകൾക്ക് ലൈസൻസ് നൽകുമ്പോൾ കട നടത്തുന്ന വ്യക്തികളുടെയും മറ്റ് ജോലിക്കാരുടെയും വിവരങ്ങൾ ശേഖരിക്കും. പ്രധാന ദിവസങ്ങളിൽ ബീച്ചിലേക്കുള്ള വാഹനഗതാഗതം നിരോധിക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ പൊലീസിനെ വിന്യസിക്കും. പെരുന്നാൾ ദിവസങ്ങളിൽ ബീച്ചിൽ സ്ട്രീറ്റ് ലൈറ്റ്, ശുചിമുറി ബ്ലോക്കുകൾ എന്നിവ സജ്ജീകരിക്കും. ആളുകൾ കടലിലിറങ്ങിയുള്ള അപകടങ്ങൾ തടയുന്നതിനായി കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിക്കും. പൊതുജനാരോഗ്യം കണക്കിലെടുത്ത് സാനിറ്റേഷൻ നടപടികൾ, അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യം എന്നിവ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുക്കും. പള്ളിയുടെ പരിസരപ്രദേശങ്ങളിൽ വ്യാജമദ്യം, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും, വ്യാപനവും തടയുന്നതിന് എക്സൈസ് വകുപ്പ് മുഴുവൻ സമയ പെട്രോളിങ് നടത്തും. മാലിന്യനിർമാർജനം കൃത്യമായി നടത്തണമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും യോഗം നിർദ്ദേശിച്ചു.
പെരുന്നാൾ ദിവസങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടാൻ പാടില്ലെന്നും വാട്ടർ അതോറിറ്റിക്ക് മന്ത്രി നിർദ്ദേശം നൽകി. തടസ്സരഹിതമായി വൈദ്യുതി നൽകുന്നതിനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിക്കും. താൽക്കാലിക കണക്ഷനുകൾ നൽകുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നെണ്ടെന്നും ഉറപ്പാക്കും. കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തും. ബീച്ച് പരിസരത്ത് അനധികൃത കടകൾ അനുവദിക്കില്ല. വഴിയടച്ച് കടകൾ സ്ഥാപിക്കാൻ പാടില്ല. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജനുവരിയിൽ അഞ്ചിന് യോഗം ചേരണമെന്നും മന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ എഡിഎം ആശാ സി എബ്രഹാം, ചേർത്തല തഹസിൽദാർ ഷീബ, റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ, അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടോൾസൺ പി ജോസഫ്, ചേർത്തല എക്സ്സൈസ് ഓഫീസർ സി എസ് സുനിൽകുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.