

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം.അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി (IFFK) ബന്ധപ്പെട്ട് ഉയർന്ന പരാതിയിലാണ് കോടതി വിധി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നത്.
രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന സമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. സിനിമകളുടെ സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് തന്റെ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു.
നവംബർ 27-നാണ് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിസംബർ 8-ന് പോലീസ് കേസെടുക്കുകയായിരുന്നു.പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും, കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ചലച്ചിത്ര മേഖലയിലെ ഉന്നതർക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് സാംസ്‌കാരിക വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.