

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായ ബലാത്സംഗ കേസിൽ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫിന്റെ (Joby Joseph) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കേസിൽ പോലീസ് ഇന്നും റിപ്പോർട്ട് ഹാജരാക്കാത്തതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. പരാതിക്കാരിക്ക് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നൽകിയത് ജോബി ജോസഫ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ മരുന്ന് കഴിച്ചതിനെത്തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായതിൻ്റെ ആശുപത്രി രേഖകൾ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നും എന്നാൽ അത് എന്തിനുള്ള മരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ജോബി ജോസഫിന്റെ വാദം. ഈ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനായുള്ള ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക് ജനുവരി ഏഴ് വരെ നീട്ടിയിട്ടുണ്ട്. തങ്ങൾ തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രാഹുലിന്റെ നിലപാട്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
The Thiruvananthapuram District Sessions Court has postponed the hearing of the anticipatory bail plea filed by Joby Joseph, the second accused in the rape case involving MLA Rahul Mankootathil, to January 1, 2026. The delay occurred as the police failed to submit their investigation report.