പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

dyfi
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി. ഇന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ആണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ബിബിസി ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് ജെഎൻയു ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സ‍ര്‍വകലാശാല രജിസ്റ്റാ‍ര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഡോക്യുമെന്ററി ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കവെയാണ് സര്‍വകലാശാലയുടെ ഇടപെടല്‍. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമാണ് സർവകലാശാല മുന്നറിയിപ്പ് നൽകി. ഇന്ന് നിശ്ചയിച്ച ഡോക്യുമെന്ററി പ്രദര്‍ശന പരിപാടി റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും വിശദീകരിച്ചാണ് ജെ എൻ യു സർവകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

Share this story