

കണ്ണൂർ: നാടിനെ ഞെട്ടിച്ച രാമന്തളി കൂട്ടമരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാമന്തളി വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരുടെ മരണത്തിന് പിന്നിൽ കടുത്ത കുടുംബതർക്കമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കലാധരനും ഭാര്യയും തമ്മിൽ കുടുംബകോടതിയിൽ കേസ് നിലനിന്നിരുന്നു. കലാധരന്റെ കൂടെയുള്ള രണ്ട് മക്കളെയും അമ്മയ്ക്കൊപ്പം വിട്ടുനൽകാൻ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു. ഇന്നലെ രാത്രി കുട്ടികളെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കലാധരനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
കുട്ടികൾക്ക് പാലിൽ കീടനാശിനി കലർത്തി നൽകിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കീടനാശിനിയുടെ അംശമുള്ള പാലും കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും തൂങ്ങിമരിക്കുകയായിരുന്നു. ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ രാത്രി വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന് മുന്നിൽ വെച്ചിരുന്ന ഒരു കത്ത് കണ്ട അദ്ദേഹം ഉടൻ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് പയ്യന്നൂർ പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കോടതി വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ ദാരുണ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. ഒരു കുടുംബം മുഴുവനായി ഇല്ലാതായത് രാമന്തളി നിവാസികൾക്ക് തീരാദുഃഖമായി.