Times Kerala

 നിങ്ങളുടെ 'പൊന്‍ വാക്കിന് ' 2500 രൂപ സമ്മാനം

 
 നിങ്ങളുടെ 'പൊന്‍ വാക്കിന് ' 2500 രൂപ സമ്മാനം
 കാസര്‍കോട്: ശൈശവ വിവാഹം തടയുന്നതിന് സര്‍ക്കാരും, വനിതാ ശിശു വികസന വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊന്‍വാക്ക്. പൊതുജന പങ്കാളിത്തത്തോടുകൂടി ശൈശവ വിവാഹം പൂര്‍ണമായി നിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം ശൈശവവിവാഹം തടയാന്‍ ആവശ്യമായ വിവരം നല്‍കുന്ന വ്യക്തിക്ക് 2500 രൂപ ഇന്‍സെന്റീവ് ആയി ലഭിക്കും. വിവരം നല്‍കുന്ന വ്യക്തിയുടെ പേരും തിരിച്ചറിയത്തക്ക വിവരങ്ങളും പരസ്യപ്പെടുത്തുകയോ വിവരാവകാശനിയമപ്രകാരം നല്‍കുകയോ ചെയ്യില്ല എന്നതും ഇതിന്റെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുന്നു.ശൈശവ വിവാഹം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. അതിനാല്‍തന്നെ ശൈശവ വിവാഹം തടയുക എന്നത് ഓരോ പൗരന്റെയും കടമ കൂടിയാണ്. ശാരീരികവും മാനസികവുമായ പക്വതുന്നതിന് മുമ്പ് വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുകയില്ല. അത് അവരുടെ ഭാവിജീവിതത്തെ ഇരുട്ടിലാക്കുകയും സ്വപ്നങ്ങള്‍ നിറം മങ്ങിയവായാക്കി തീര്‍ക്കുകയും ചെയ്യും.ശൈശവവിവാഹത്തിന് നിര്‍ബന്ധിതരായ പെണ്‍കുട്ടികള്‍ പലപ്പോഴും കൗമാരപ്രായത്തില്‍ തന്നെ ഗര്‍ഭിണികളാകുന്നു. ഇത് ഗര്‍ഭധാരണത്തിലോ പ്രസവത്തിലോ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രായമായ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം ഈ സങ്കീര്‍ണതകളാണ്. അത് കൊണ്ട് തന്നെ ഓരോ ശൈശവ വിവാഹവും തടയുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് അത്രയേറെ സമൂഹത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്.ജില്ലയില്‍ ponvakkuksd@gmail.com എന്ന ഇമെയിലിലേയ്ക്കോ 04994293060 എന്ന നമ്പറിലോ വിവരങ്ങള്‍ അയക്കാം. നല്‍കുന്ന വിവരത്തില്‍ കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ പേര്, മേല്‍വിലാസം അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ മറ്റു വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.ഇന്‍സെന്റീവ് നല്‍കുന്നതിന് ചില നിബന്ധനകളുണ്ട്. വിവാഹം നടക്കുന്നതിനുമുമ്പേ നല്‍കുന്ന വിവരത്തിനാണ് ഇന്‍സെന്റീവ് നല്‍കുന്നത്. വിവാഹം കഴിഞ്ഞിട്ടാണ് വിവരം നല്‍കുന്നത് എങ്കില്‍ ഇന്‍സെന്റീവിന് അര്‍ഹത ഉണ്ടായിരിക്കില്ല. ഒരു ശൈശവവിവാഹത്തെകുറിച്ച് ഒന്നിലധികം വ്യത്യസ്ത വ്യക്തികളില്‍നിന്നും വിവരങ്ങള്‍ ലഭിച്ചാല്‍ ആദ്യം വിവരം നല്‍കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത. പാരിതോഷിക തുക വിവരം നല്‍കുന്ന വ്യക്തിക്ക് മണിഓര്‍ഡര്‍ ആയോ ബാങ്ക് അക്കൗണ്ട് വഴിയോ ആയിരിക്കും നല്‍കുക. അതുപോലെതന്നെ പേരും മേല്‍വിലാസവും ഇല്ലാത്ത പരാതിയാണെങ്കിലും സമയബന്ധിതമായി അന്വേഷിക്കും. എന്നാല്‍ പരാതിക്കാരനെ കണ്ടെത്തി പാരിതോഷികം നല്‍കുന്നതല്ല.

Related Topics

Share this story