മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവ്

തിരൂർ: മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. പടിഞ്ഞാറേക്കര ഏരിയ പറമ്പിൽ മുഹമ്മദ് ബഷീർ (45), പടിഞ്ഞാറേക്കര മാമന്റെ വീട്ടിൽ അബ്ദുല്ല (70) എന്നിവർക്കാണ് 10 വര്‍ഷം വീതം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം വീതം സാധാരണ തടവിനും ശിക്ഷിച്ചു. പിഴ അടച്ചാല്‍ 40,000 രൂപ കുട്ടിക്ക് നല്‍കാനും ഉത്തരവായി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പടിഞ്ഞാറേക്കര പണ്ടായി എന്ന സ്ഥലത്തെ വിജനമായ പറമ്പില്‍ വെച്ച് പ്രതികള്‍ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്. തിരൂര്‍ പൊലീസ് എസ്.ഐ ആയിരുന്ന കെ.ആര്. രഞ്ജിത് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി.