കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 20,000-ത്തോളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കേരള ഹൈക്കോടതി. എന്തിനാണ് ഇത്ര പിടിവാശി കാണിക്കുന്നതെന്നും കോടതി ചോദിച്ചു.(Why so stubborn, High Court against Election Commission in postal ballot case)
ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടവർക്ക് തന്നെ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്.ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ കമ്മീഷന് ബാധ്യതയുണ്ട്.
റൂൾ 27 പ്രകാരം ഇപ്പോൾ ബാലറ്റ് പേപ്പറുകൾ നൽകാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്മീഷന്റെ വാദം. കൂടാതെ ഹർജിക്കാരിൽ ചിലർ കൃത്യമായി അപേക്ഷ നൽകിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം.ജി. അനിൽ കുമാർ എന്നിവരാണ് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് കാട്ടി കോടതിയെ സമീപിച്ചത്. ഏകദേശം 20,000 ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ വോട്ട് ചെയ്യാനായില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.

