ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിലപാടുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക് യുഡിഎഫ് നൽകുന്ന പിന്തുണ പരസ്യമായി അംഗീകരിച്ചുകൊണ്ടാണ് സുധാകരന്റെ ഈ കടന്നാക്രമണം.(The Chief Minister’s dream of a third term is being dashed, says G Sudhakaran)
അഴിമതിക്കാർക്കും ക്രിമിനൽ-മാഫിയാ രാഷ്ട്രീയം കൈയാളുന്നവർക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് താൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നത്. ആറ് പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം പ്രവർത്തിച്ച തനിക്ക് സത്യസന്ധമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
തനിക്കെതിരെ എൽഡിഎഫ് നേതൃത്വം വ്യക്തിഹത്യയും കുപ്രചരണങ്ങളും നടത്തുമ്പോൾ, കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് സ്വീകരിച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. തനിക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരോട് കടപ്പാടുണ്ടെന്നും അദ്ദേഹം കുറിച്ചു. സിപിഎമ്മിലെ നിരവധി പാർട്ടി അംഗങ്ങളും വോട്ടർമാരും തന്നെ വിജയിപ്പിക്കാൻ രംഗത്തുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു. ഭീഷണി രാഷ്ട്രീയത്തിനും തേജോവധത്തിനുമെതിരെയുള്ള ചരിത്രപരമായ പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

