തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് മുതൽ പുറത്തുവരും. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് നീങ്ങും. ഇതോടെ കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം എന്നിവിടങ്ങളിലെ വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക ചിത്രം വ്യക്തമാകും.(Kerala Assembly election, Exit poll results of various states to be released today)
മാർച്ച് 15-ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് പ്രക്രിയ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. തിങ്കളാഴ്ച (മെയ് 4) ആണ് ഔദ്യോഗിക വോട്ടെണ്ണൽ നടക്കുക. ഇതിന് മുന്നോടിയായാണ് വോട്ടർമാരുടെ മനസ്സ് ആർക്കൊപ്പം എന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് എത്തുന്നത്. ഫലങ്ങൾ തുടങ്ങുന്നത് ഇന്ന് വൈകിട്ട് 6.30 മുതൽ ആണ്. സി വോട്ടർ, അക്സിസ് മൈ ഇന്ത്യ, മാട്രിസ്, ജെവിസി, പോൾസ്ട്രോട്ട്, ജൻ കി ബാത്ത് എന്നിവയാണ് പ്രധാന ഏജൻസികൾ. മാധ്യമങ്ങളിലൂടെയും ഫലം പുറത്തുവിടും.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് അവസാന ഘട്ട സർവേകൾ സൂചിപ്പിച്ചിരുന്നു. കേരളം, ആസാം എന്നിവിടങ്ങളിലെ ഫലങ്ങൾ ഇന്ന് തന്നെ പുറത്തുവിട്ടേക്കും. എന്നാൽ, ടുഡെയ്‌സ് ചാണക്യ കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും ഫലങ്ങൾ നാളെയേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നാണ് വിവരം.
പശ്ചിമ ബംഗാളിലെ ആദ്യ ഘട്ടം ഏപ്രിൽ 23-നും രണ്ടാം ഘട്ടം ഇന്നുമാണ് നടക്കുന്നത്. ചില ഏജൻസികൾ ബംഗാളിലെ ഫലങ്ങൾ നാളെയോ മറ്റന്നാളോ ആയി പുറത്തുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എങ്കിലും വൈകിട്ടോടെ ദേശീയ മാധ്യമങ്ങളിൽ ബംഗാളിനെക്കുറിച്ചുള്ള സൂചനകൾ ലഭ്യമായിത്തുടങ്ങും.

