വാഷിങ്ടൺ: അമേരിക്കയിലെ സന്ദർശക, ബിസിനസ് വിസ അപേക്ഷകരിൽ നിന്ന് നിശ്ചിത തുക ബോണ്ടായി ഈടാക്കുന്ന വിസ ബോണ്ട് പദ്ധതി സ്ഥിരമാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് (US Visa Bond Programme). നിലവിൽ 50 രാജ്യങ്ങളിലെ പൗരന്മാർക്കാണ് പദ്ധതി ബാധകമാകുക. എന്നാൽ ഇന്ത്യയെ നിലവിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയും പട്ടികയിലുണ്ട്. ബി-1 ബിസിനസ് വിസ, ബി-2 ടൂറിസ്റ്റ് വിസ അപേക്ഷകരിൽ നിന്ന് വിസ അനുവദിക്കുന്നതിന് നിബന്ധനയായി പരമാവധി 20,000 ഡോളർ വരെ ബോണ്ട് ആവശ്യപ്പെടാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വിസ ബോണ്ട് പദ്ധതിയുടെ പ്രവർത്തനം ഒരു വർഷം വിലയിരുത്തിയതിന് ശേഷമാണ് ഇത് സ്ഥിരമാക്കാൻ അമേരിക്ക തീരുമാനിച്ചത്. വിസയുടെ വ്യവസ്ഥകൾ പാലിക്കുന്നതും അനുവദിച്ച കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന സംഭവങ്ങൾ കുറയ്ക്കുന്നതും ഉറപ്പാക്കാൻ പദ്ധതി ഫലപ്രദമാണെന്ന് വിലയിരുത്തിയതായി ഫെഡറൽ രജിസ്റ്ററിലെ അറിയിപ്പിൽ പറയുന്നു.
പൈലറ്റ് പദ്ധതിയുടെ ഭാഗമായി 5,000, 10,000, 15,000 ഡോളർ എന്നിങ്ങനെയുള്ള ബോണ്ടുകളാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ നിയമത്തിൽ 5,000 ഡോളർ ബോണ്ട് ഒഴിവാക്കുകയും പരമാവധി തുക 20,000 ഡോളറായി ഉയർത്തുകയും ചെയ്തു. എല്ലാ അപേക്ഷകരിൽ നിന്നും നിർബന്ധമായും ബോണ്ട് ഈടാക്കില്ലെന്നും, ഓരോ കേസും പരിഗണിച്ച് കോൺസുലർ ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. പുതിയ നിയമം ഓഗസ്റ്റ് 3 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ പദ്ധതിയുടെ പരിധിയിലുള്ള 50 രാജ്യങ്ങളിൽ 30 എണ്ണവും ആഫ്രിക്കൻ രാജ്യങ്ങളാണ്. ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തുടരുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അമേരിക്കൻ അധികൃതർ പറയുന്നു. എന്നാൽ നിയമാനുസൃതമായി അമേരിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരെയും ഉയർന്ന ബോണ്ട് തുക പ്രതികൂലമായി ബാധിക്കുമെന്നും യാത്രാ സാധ്യതകൾ കുറയാൻ ഇടയാക്കുമെന്നും കുടിയേറ്റാവകാശ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കയിലെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനുമാണ് കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട്. അതേസമയം, ഉയർന്ന വിസ ഫീസുകളും സാമൂഹിക മാധ്യമ പരിശോധനയും ഉൾപ്പെടെയുള്ള നടപടികൾ നിയമപരമായ കുടിയേറ്റവും കൂടുതൽ ബുദ്ധിമുട്ടാക്കുന്നുവെന്നാണ് വിമർശകരുടെ ആരോപണം.
Summary: The US State Department has made its visa bond programme permanent for citizens of 50 countries, allowing consular officers to require bonds of up to $20,000 for certain B-1 and B-2 visa applicants. India is not included in the current list, although more countries may be added in the future.


