HomeIran Israel Conflict'അന്തസ്സ് അടിയറവ് വയ്ക്കാതെയുള്ള ചർച്ചകൾക്ക് തയ്യാർ, ഇന്ത്യ, ചൈന, റഷ്യ എന്നിവ...

‘അന്തസ്സ് അടിയറവ് വയ്ക്കാതെയുള്ള ചർച്ചകൾക്ക് തയ്യാർ, ഇന്ത്യ, ചൈന, റഷ്യ എന്നിവ ലോകശക്തികളാകുന്നത് തടയാനാണ് അമേരിക്കയുടെ ശ്രമം’: ഇറാൻ | US

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ കൊടുമ്പിരിക്കൊള്ളുന്നതിനിടെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. എന്നാൽ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് മാത്രമേ തയ്യാറാവൂ എന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി എ എൻ ഐയോട് വ്യക്തമാക്കി.(US trying to prevent India, China, Russia from becoming world powers, says Iran)

സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിൽ ഇറാന് നേരെ തുടരുന്ന എല്ലാ സൈനിക നടപടികളും ഉടനടി നിർത്തലാക്കുക. ഭാവിയിൽ ഇറാന് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും ഉറപ്പുനൽകണം. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങളും പൂർണ്ണമായും പിൻവലിക്കുക.

തങ്ങൾ യുദ്ധം തുടങ്ങിയവരല്ലെന്നും അമേരിക്കയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദികളെന്നും ഇലാഹി ആരോപിച്ചു. സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടാവുകയും സംയുക്ത പ്രസ്താവനയ്ക്ക് തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക ബോധപൂർവ്വം യുദ്ധം സൃഷ്ടിക്കുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടഞ്ഞ് തങ്ങളുടെ ആഗോളാധിപത്യം നിലനിർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇന്ത്യയെ ഒരു പങ്കാളിയായി കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ഇലാഹി വിമർശിച്ചു.

യുദ്ധസാഹചര്യത്തിലും രാജ്യം സുസ്ഥിരമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങൾക്ക് ഉറപ്പുനൽകി. അസാധാരണമായ സാഹചര്യമാണെങ്കിലും രാജ്യത്തെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. ദേശീയ ഐക്യമാണ് ഇറാന്റെ കരുത്തെന്നും ഗവർണർമാരുമായി നേരിട്ട് ബന്ധപ്പെട്ട് ഭരണപരമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box