വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളിൽ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. അത്യാധുനിക സന്നാഹങ്ങളുള്ള കപ്പലുകളിലെ സൈനികർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി.(US Troops Given Nearly Empty Trays On Warships Deployed Near Iran)
യുഎസ്എസ് ട്രിപ്പോളി എന്ന കപ്പലിൽ സേവനമനുഷ്ഠിക്കുന്ന ഒരു യുവതി തന്റെ വീട്ടുകാർക്ക് അയച്ച ഉച്ചഭക്ഷണത്തിന്റെ ചിത്രം പുറത്തുവിട്ടു. അല്പം ഇറച്ചി കഷണങ്ങളും ഒരു ടോർട്ടില്ലയും മാത്രമുള്ള, ഏതാണ്ട് ഒഴിഞ്ഞ നിലയിലുള്ള ഒരു ഭക്ഷണത്താലമാണ് ചിത്രത്തിലുള്ളത്. സമാനമായ പരാതികൾ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിൽ നിന്നും ഉയർന്നിട്ടുണ്ട്. വേവിച്ച ക്യാരറ്റും ഉണങ്ങിയ ഇറച്ചി കഷണവും മാത്രമാണ് അവിടെ സൈനികർക്ക് ലഭിക്കുന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഭക്ഷണം പരിമിതമാണെന്നും ലഭ്യമായത് എല്ലാവർക്കുമായി വീതിച്ചു നൽകുകയാണെന്നും യുഎസ്എസ് ട്രിപ്പോളിയിലെ ഒരു സൈനികൻ തന്റെ മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. ഭക്ഷ്യശേഖരം തീരാറായിരിക്കുന്നു. സൈനികരുടെ മനോവീര്യം എക്കാലത്തെയും താഴ്ന്ന നിലയിലാകും, അദ്ദേഹം കുറിച്ചു. ഇറാനിയൻ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകൾ തടയുന്നതിനായി വിന്യസിച്ചിട്ടുള്ള 3,500-ഓളം സൈനികരാണ് ഈ പ്രതിസന്ധി നേരിടുന്നത്.
കപ്പലിലുള്ളവർക്ക് ഭക്ഷണവും ശുചിത്വ സാമഗ്രികളും അയക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല. ഏപ്രിൽ ആദ്യം മുതൽ 27 മിലിട്ടറി സിപ്പ് കോഡുകളിലേക്കുള്ള തപാൽ വിതരണം യുഎസ് പോസ്റ്റൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. യുദ്ധം മൂലം വ്യോമപാതകൾ അടച്ചതും ചരക്കുനീക്കത്തിലെ തടസ്സങ്ങളുമാണ് ഇതിന് കാരണമായി പറയുന്നത്. നിലവിൽ അയച്ച തപാൽ ഉരുപ്പടികൾ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നും സേവനം പുനരാരംഭിക്കുമ്പോൾ വിതരണം ചെയ്യുമെന്നും ആർമി വക്താവ് അറിയിച്ചു.

