വാഷിംഗ്ടൺ: 35 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ 53-കാരിയായ മീനു ബത്രയെ യുഎസ് ഇമിഗ്രേഷൻ വിഭാഗം തടവിലാക്കി (Meenu Batra ICE Detention). ദക്ഷിണ ടെക്സസിൽ താമസിക്കുന്ന ഇവർ പഞ്ചാബി, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രാവീണ്യമുള്ള ഏക ലൈസൻസുള്ള കോടതി വ്യാഖ്യാതാവാണ്. വർഷങ്ങളായി ഇമിഗ്രേഷൻ കോടതിയിൽ നൂറുകണക്കിന് ആളുകളെ സഹായിച്ച ഇവർക്കെതിരെ നടന്ന നടപടി വലിയ നിയമപോരാട്ടത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
മാർച്ച് 17-ന് ഹാർലിംഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് മീനുവിനെ ഐസിഇ ഉദ്യോഗസ്ഥർ തടഞ്ഞത്. ജോലി സംബന്ധമായ യാത്രയ്ക്കിടയിലായിരുന്നു ഇത്. മതിയായ രേഖകളും വർക്ക് പെർമിറ്റും ഉണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ഉദ്യോഗസ്ഥർ അവരെ കൈവിലങ്ങ് അണിയിച്ച് റെയ്മണ്ട്‌വില്ലിലെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. തടങ്കലിൽ വെച്ച ആദ്യ 24 മണിക്കൂർ തനിക്ക് ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നും മരുന്നുകൾ നിഷേധിച്ചെന്നും മീനു പരാതിപ്പെടുന്നു. തന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് ഉദ്യോഗസ്ഥർ കാണുന്നതെന്നും സോഷ്യൽ മീഡിയയിൽ ഇടാനെന്ന പേരിൽ കൈവിലങ്ങ് അണിഞ്ഞ നിലയിലുള്ള ചിത്രങ്ങൾ എടുത്ത് തന്നെ അപമാനിച്ചതായും അവർ ആരോപിച്ചു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് 1991-ൽ കുട്ടിക്കാലത്താണ് മീനു അമേരിക്കയിലെത്തിയത്. തന്റെ നാല് മക്കളെ വളർത്തിയതും അവിടെയാണ്. ഇവരുടെ മകൻ നിലവിൽ യുഎസ് ആർമിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
2000-ൽ ഇമിഗ്രേഷൻ കോടതി ഇവർക്ക് ഇന്ത്യയിലേക്ക് പോകുന്നതിൽ നിന്ന് ഇളവ് നൽകിയിരുന്നു. ഇന്ത്യയിൽ ഇവർ പീഡനത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് കണ്ടായിരുന്നു ഈ നടപടി. എന്നാൽ ഇപ്പോൾ നിലവിലുള്ള ട്രംപ് ഭരണകൂടം ഇവരെ മറ്റേതെങ്കിലും മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമോ എന്ന ഭീതിയിലാണ് മീനുവും അഭിഭാഷകരും. ഇതുവരെ എങ്ങോട്ടാണ് നാടുകടത്താൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തടങ്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മീനു ബത്ര ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
Summary: Meenu Batra, a 53-year-old Indian-origin woman and a prominent court interpreter in Texas, has been detained by US ICE, sparking legal concerns over her custody. Despite living in the US for 35 years and raising four children, she was arrested at an airport while on a work assignment. Batra alleged she was denied food, water, and medication for 24 hours and was humiliated by officers. While a court previously protected her from being deported to India due to potential persecution, her lawyers fear the current administration may deport her to a third country under new agreements. She has filed a habeas corpus petition to challenge her detention.

